തിരുവനന്തപുരം: പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന കോൺഗ്രസ് എംപിമാരുടെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി. താനിപ്പോൾ കളിക്കാത്തത് രാഷ്ട്രീയം മാത്രമാണെന്ന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന സമയത്ത് തനിക്കു രാഷ്ട്രീയം കളിക്കാൻ സമയമില്ലെന്നും താനിപ്പോൾ കളിക്കാത്തത് അതുമാത്രമാണെന്നും പിണറായി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Read Also: ജില്ലയ്‌ക്കുള്ളിൽ ബസ് സർവീസ് വേണം, ചാർജ് വർധിപ്പിക്കും: മുഖ്യമന്ത്രി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നുവെന്നും കേരളത്തിൽ നിന്നുളള എംപിമാരെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും യുഡിഎഫ് കൺവീനറും എംപിയുമായ ബെന്നി ബഹനാൻ വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം റിയാലിറ്റി ഷോ ആണെന്ന് കെ.മുരളീധരൻ എംപിയും പരിഹസിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾക്കുള്ള മറുപടിയാണ് മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ നൽകിയത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാലേ കോവിഡ് പ്രതിരോധം വിജയിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പ്രധാന വിവരങ്ങൾ വായിക്കാം
വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് മുന്നിലുള്ളത്. ഇപ്പോൾ സംസ്ഥാനത്ത് 32 പേർ രോഗബാധിതരായി ചികിത്സയിലാണ്. ഇതിൽ 23 പേരും മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചികിത്സയിലുള്ളവരിൽ ഒൻപത് പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇനിയും ആളുകൾ സംസ്ഥാനത്തേക്ക് എത്തും. അതിനാൽ ജാഗ്രത കെെവിടരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കോവിഡ്. മലപ്പുറം-3, പത്തനംതിട്ട-1, കോട്ടയം-1. ഇതിൽ നാല് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. ഒരാൾ ചെന്നെെയിൽ നിന്നാണ് എത്തിയത്.
സംസ്ഥാനത്ത് രോഗപ്രതിരോധം മൂന്നാം ഘട്ടത്തിലേക്ക് കടന്നതായി മുഖ്യമന്ത്രി. അതീവ ജാഗ്രത വേണം. കാസർഗോഡ് ജില്ലയിൽ ഒരു രോഗബാധിതനിൽ നിന്ന് 22 പേർക്ക് വരെ രോഗം പടർന്നു. സ്ഥിതി ആശങ്കാജനകമാണ്. ജാഗ്രതയിൽ വിട്ടുവീഴ്‌ചയുണ്ടായാൽ സ്ഥിതി മോശമാകും. നിയന്ത്രണം പാളിയാല്‍ അപകടമാണ്. വരാനിടയുള്ള ആപത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തണം. പുറത്തുനിന്ന് കൂടുതലാളുകളെത്തുന്നു. സാഹചര്യം വെല്ലുവിളി നിറഞ്ഞതാണ്.
ദുബായില്‍ മാളുകളും ഓഫീസുകളും തുറക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഹോം ക്വാറന്റെെൻ ആണ് അനുവദിക്കുന്നത്. ഇത് റൂം ക്വാറന്റെെൻ ആയിരിക്കണം. നിരീക്ഷണത്തിലുള്ള ആളുകളുമായി വീട്ടുകാർ അടുത്തിടപഴകരുത്. റൂമിൽ തന്നെ തുടരണം. ഇക്കാര്യം നിർബന്ധമാണ്. വീട്ടിലെ കുട്ടികളും പ്രായമായവരും നിരീക്ഷണത്തിലുള്ളവരുമായി യാതൊരു കാരണവശാലും ഇടപഴകരുത്. അന്യ സംസ്ഥാനങ്ങളിൽ നിന്നു എത്തുന്നവർ ക്വാറന്റെെനിൽ തുടരുന്നുണ്ടോ എന്ന് പൊലീസ് നിരീക്ഷിക്കും. ഹോം ക്വാറന്റെെൻ 14 ദിവസം നിർബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിൽ ക്വാറന്റെെനിൽ കഴിയാത്തവരെ ഇൻസ്റ്റിറ്റ‌്യൂഷനൽ ക്വാറന്റെെനിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ കേരളത്തിൽ എത്തിയവരുടെ എണ്ണം 33,116 ആണ്. വിദേശരാജ്യങ്ങളിൽ നിന്ന് 1,406 പേർ വിമാന മാർഗം കേരളത്തിലെത്തി. കപ്പൽ മാർഗം കേരളത്തിലെത്തിയത് 833 ആണ്. ഇനിയും ആളുകൾ എത്തും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു റോഡ് മാർഗം കേരളത്തിലെത്തിയ 33,116 പേരിൽ 19,000 പേരും കോവിഡ് റെഡ് സോണുകളിൽ നിന്ന് എത്തിയവർ. ഇതുവരെ കേരളത്തിലേക്ക് എത്താനുള്ള പാസിനായി അപേക്ഷിച്ചത് 1,33,000 പേരാണ്. പാസിന് അപേക്ഷിച്ച 1,33,000 പേരില്‍ 72,800 പേരും റെഡ് സോണ്‍ ജില്ലകളില്‍ നിന്ന്.
സംസ്ഥാനത്ത് ജനജീവിതം സാധാരണ നിലയിലേക്ക് കടക്കുകയാണ്. അതീവ ജാഗ്രത തുടർന്നുവേണം ഇത്. ജില്ലയ്‌ക്കകത്ത് ബസ് സർവീസ് ആകാം എന്നാണ് സംസ്ഥാന നിലപാട്. സാമൂഹിക അകലം പാലിച്ചുവേണം യാത്രക്കാരെ പ്രവേശിപ്പിക്കാൻ. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി മൂന്ന് ചക്ര വാഹന സർവീസും അനുവദിക്കാം. റെഡ് സോണുകൾക്ക് പുറത്ത് വാണിജ്യ-വ്യവസായ പ്രവർത്തനങ്ങൾ തുടരാൻ അനുമതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
കേരളത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് നിലവിൽ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുള്ളതായാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത് കേരളത്തിൽ എല്ലാ സ്റ്റോപ്പിലും നിർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. മൂന്നിടങ്ങളില്‍ ഇറങ്ങി മറ്റുസ്ഥലങ്ങളിലേക്ക് പോകുന്നത് രോഗവ്യാപനത്തിനിടയാക്കും. എസി ട്രെയിനുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടും. എസി ട്രെയിനുകളിൽ രോഗവ്യാപന തോത് കൂടുതലാണ്. ട്രെയിനില്‍ വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് പാസ് എടുക്കണം. ഒരു ടിക്കറ്റില്‍ ഉള്ള എല്ലാവര്‍ക്കും ഗ്രൂപ്പായി പാസ് വാങ്ങണം. സ്റ്റേഷനുകളില്‍ നിന്ന് വീടുകളിലേക്ക് പോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനമാകാം. റെയില്‍വെ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്കായി കെഎസ്ആര്‍ടിസി ബസുകളും ക്രമീകരിക്കും.