തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകൾ വീണയ്ക്കെതിരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി. അത്ര മാനസികാവസ്ഥ തെറ്റിപ്പോയ ഒരാളെ പാർട്ടിയുടെ അധ്യക്ഷനായി ഇരുത്തുന്നല്ലോ എന്നത് അവർ ആലോചിക്കേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
“അത്രമാത്രം മാനസിക നില തെറ്റിയിട്ടുള്ളൊരാൾ, സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവർത്തിക്കുന്നൊരാൾ, എന്തും വിളിച്ചുപറയുന്നൊരാൾ. സാധാരണ അവസ്ഥയിൽ അങ്ങനെ പറയില്ല. അത്തരത്തിലൊരാളെ പാർട്ടിയുടെ അധ്യക്ഷനായി വയ്ക്കുന്നുണ്ടെങ്കിൽ ആ പാർട്ടിയാണ് മറുപടി പറയേണ്ടത് ഞാനല്ല. ഒരാൾക്ക് ഒരു ദിവസം രാത്രി എന്തൊക്കെയോ തോന്നുന്നു, അത് വിളിച്ചു പറയുക എന്നത് ഒരു പ്രത്യേക മാനസികാവസ്ഥയാണ്.”
ഇതിനുള്ള മറുപടി സുരേന്ദ്രനോട് പറയേണ്ടതുണ്ട്. എന്നാൽ, അത് ഇങ്ങനെ പറയേണ്ടതല്ല. സുരേന്ദ്രനല്ല പിണറായി വിജയൻ അത് ഓർത്തോ. ഒരു സംസ്ഥാന പാർട്ടിയുടെ അധ്യക്ഷൻ ഒരു ബന്ധവുമില്ലാതെ വിളിച്ചുപറയുകയാണ്. സാധരണഗതിയിൽ സ്വീകരിക്കേണ്ട ചില മാന്യതകളില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം, മുഖ്യമന്ത്രിയുടെ മകളും സ്വപ്നയും നിരവധി വട്ടം ചർച്ച നടത്തിയെന്ന ആക്ഷേപവും കെ.സുരേന്ദ്രൻ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.തുടക്കത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ച മുഖ്യമന്ത്രി പിന്നീട് സുരേന്ദ്രനെതിരെ ആഞ്ഞടിക്കുകയായിരുന്നു.