തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പൊളിറ്റ് ബ്യൂറോയിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നിലപാട് പറഞ്ഞത്. പൊലീസാണ് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞത്. യുഎപിഎ വിഷയം സര്‍ക്കാരിന്റെ മുന്നിലെത്തുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.

യുഎപിഎ കരിനിയമം ആണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പിബി വ്യക്തമാക്കി. അതേസമയം, ശബരിമലയില്‍ ലിംഗസമത്വം വേണമെന്നതാണ് പാര്‍ട്ടി നിലപാട്. സുപ്രീം കോടതി ഉത്തരവ് ആശയക്കുഴപ്പമുണ്ടാക്കുന്നതായും പിബി വിലയിരുത്തി. യുഎപിഎ വിഷയവും മാവോയിസ്റ്റ് വിഷയവും കേന്ദ്ര സെക്രട്ടറിയേറ്റിലും ചർച്ചയാകും.

അതേസമയം, സിപിഎം അംഗങ്ങൾ കൂടിയായിരുന്ന അലനെയും താഹയെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. കോഴിക്കോട് ഏരിയാ കമ്മിറ്റിയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. പാർട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ തുടർനടപടികൾ എന്ന നിലയിലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു തന്നെ ഇരുവരെയും പുറത്താക്കാൻ സിപിഎം തീരുമാനിച്ചത്.

Read Also: പത്ത് വോട്ടിന് വേണ്ടി നാട് നശിപ്പിക്കാന്‍ നോക്കുന്നവരെ ശ്രദ്ധിച്ചേക്കണേ; ശബരിമല ശാസ്താവിനോട് പ്രാര്‍ഥിച്ച് യു.പ്രതിഭ

നവംബർ ഒന്നിന് പൊലീസ് പട്രോളിങ്ങിനിടെ കോഴിക്കോട് പന്തീരാങ്കാവ് പാറമ്മലിൽ വൈകിട്ട് 6.45 ന് സംശയാസ്‌പദമായ സാഹചര്യത്തിൽ വിദ്യാർഥികളെ കണ്ടെന്നും കസ്റ്റഡിയിൽ എടുത്ത ഇവരുടെ ബാഗിൽനിന്ന് നിരോധിത സംഘടന സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖ കണ്ടെടുത്തെന്നുമാണ് കേസ്.

നേരത്തെ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും മാവോയിസ്റ്റ് ബന്ധത്തിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി പറഞ്ഞിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി അലന്‍ ഷുഹൈബില്‍നിന്നും താഹ ഫസലില്‍നിന്നും പൊലീസ് പിടിച്ചെടുത്ത പുസ്തകങ്ങളും നോട്ടീസുകളും ബാനറുകളും നിരോധിത സംഘടനയായ സി.പി.ഐ. മാവോയിസ്റ്റിന്റേതാണെന്നു നിരീക്ഷിച്ചു. ഇതില്‍നിന്നു പ്രഥമദൃഷ്ട്യാ മനസിലാക്കാനാവുന്നത് ഇരുവര്‍ക്കും സംഘടനയുമായി ബന്ധമുണ്ടെന്നാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.