തിരുവനന്തപുരം: ശാസ്ത്രീയ മനോഭാവത്തിനും അന്വേഷണ ത്വരയ്ക്കും നേരേയുള്ള അതിക്രമങ്ങൾ രാജ്യത്ത് വർധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.  ഭരണഘടനാ ചുമതലകളിലുള്ളവരിൽനിന്ന് ഇത്തരം നീക്കം നടക്കുന്നുവെന്നതാണ് ആകുലതയ്ക്കിടയാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുപത്തിയേഴാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്യങ്ങൾ ചരിത്രമെന്ന രീതിയിൽ അവതരിപ്പിക്കുകയും അതാണ് വസ്തുതയെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് സർജറി, ഏവിയേഷൻ ടെക്‌നോളജി എന്നിവയെക്കുറിച്ചെല്ലാം ഇത്തരം വ്യാഖ്യാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഭരണഘടനയിലെ 51 എച്ച് അനുഛേദം അനുസരിച്ച് ശാസ്ത്രീയ മനോഭാവം വികസിപ്പിക്കുകയെന്നത് ഓരോ പൗരന്റേയും ചുമതലയാണ്.

“നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. ഭാഷ, വേഷം, സംസ്‌കാരം എന്നിവയിലെല്ലാമുള്ള വൈവിധ്യത്തിനിടയിലും നമ്മെളെല്ലാം ഇന്ത്യക്കാരാണ്. ഭരണഘടയുടെ അടിസ്ഥാനം ഇന്ന് ഭീഷണി നേരിടുകയാണ്. പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്നു. ഈ വിഷമഘട്ടത്തിൽ ഇന്ത്യയിലെ പൗരൻമാരെന്ന നിലയിൽ ഇതിനെ നേരിടാൻ നമുക്കാവണം,” മുഖ്യമന്ത്രി പറഞ്ഞു.

Read Also: നിന്നെ ഞാന്‍ ഒരുപാട് മിസ് ചെയ്യും; കണ്ണുനിറഞ്ഞ് സാനിയ മിര്‍സ

ശാസ്ത്ര സാങ്കേതിക മേഖലകളെ പ്രോത്‌സാഹിപ്പിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. കഴിഞ്ഞ വർഷം കേരളത്തിൽ നിപ വൈറസ് ബാധയുണ്ടായി. എന്നാൽ സർക്കാരിന്റേയും ആരോഗ്യ മേലഖയുടെയും ഫലപ്രദമായ ഇടപെടൽ രോഗവ്യാപനത്തെ തടഞ്ഞു. ഇത്തരം വൈറസ് ബാധകളെ തടയുന്നതിനാണ് ലോക നിലവാരത്തിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കം കുറിച്ചത്. കുറച്ചു മാസത്തിനുള്ളിൽ ഇൻസ്റ്റിറ്റ്യൂട്ട് പൂർണ സജ്ജമാവും.

കേന്ദ്ര സർക്കാരിന് കീഴിലുള്ള നിരവധി ശാസ്ത്ര കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നു. ഇതിനു പുറമെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ നിരവധി ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാസ്ത്രീയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കൗൺസിലിന് നിരവധി പദ്ധതികളുണ്ട്. കൗൺസിൽ സംഘടിപ്പിക്കുന്ന മെഗാ പരിപാടിയായ കേരള സയൻസ് കോൺഗ്രസ് യുവ ശാസ്ത്രജ്ഞർക്ക് വിശാലമായ കാൻവാസാണ് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാലശാസ്ത്ര കോൺഗ്രസ് സുവനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. ശശി തരൂർ എംപിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ലോഗോ രൂപകൽപ്പന ചെയ്ത അനൂപ് ശാന്തകുമാറിന് മുഖ്യമന്ത്രി പുരസ്‌കാരം കൈമാറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.