തിരുവനന്തപുരം: നവോത്ഥാനത്തെ എതിര്‍ത്ത ജീര്‍ണ ശക്തികള്‍ ഇപ്പോഴും സമൂഹത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസത്തിന്റെ കാര്യത്തിൽ ജീർണശക്തികള്‍ കടന്നുവരുമ്പോള്‍ കരുതലോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ജീവനക്കാരുടെ സംഘടനയായ ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷവും മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാന മൂല്യങ്ങളെ കുറിച്ച് സംസാ‌രിച്ചിരുന്നു. ജാതീയമായ വേർതിരിവുകൾക്കു സമൂഹത്തിൽ സ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി അന്നു പറഞ്ഞത്. കേരളത്തില്‍ യാതൊരു വേര്‍തിരിവുകള്‍ക്കും സ്ഥാനമില്ലെന്ന് തെളിയിച്ച തിരഞ്ഞെടുപ്പ് ഫലമാണിത്. വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഇവിടെ വളരില്ല. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി എന്താണെന്നതിന്റെ ദിശാസൂചികയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Read Also: ശാന്തന്‍പാറ കൊലപാതകം: റിജോഷിനെ കൊന്നത് താനാണെന്ന് വസിം

നേരത്തെ, നവോത്ഥാന സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാ സംവിധാനമുണ്ടാക്കി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി നവോത്ഥാനത്തെ എതിർക്കുന്ന ജീർണ ശക്തികൾ സമൂഹത്തിൽ ഇപ്പോഴുമുണ്ടെന്ന് പറഞ്ഞിരിക്കുന്നത്. നവോത്ഥാന മൂല്യങ്ങളെ ആസ്‌പദമാക്കി ഡിസംബറിൽ ക്യാംപുസകളിൽ സംവാദം സംഘടിപ്പിക്കുന്നുണ്ട്. 2020 ജനുവരിയിൽ കാസർകോട്ടു നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നവോത്ഥാന സ്‌മൃതി യാത്ര നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.