തിരുവനന്തപുരം: അധ്യാപക നിയമനത്തില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. ശുപാര്‍ശ ലഭിച്ചവര്‍ക്ക് സ്കുള് തുറക്കുന്നതിന് മുന്‍പ് നിയമനം നല്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മൂലം സ്കൂള്‍ തുറക്കുന്നത് വൈകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശുപാര്‍ശ ലഭിച്ചവര്‍ക്കും നിയമനം ലഭിക്കാത്തതില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിയമനത്തിനാവശ്യമായ നടപടികള്‍ സര്‍ക്കാരും പിഎസ്സിയും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുണ്ടറ എംഎല്‍എ പി.സി.വിഷ്ണുനാഥിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സില്‍ ഭേദഗതി ആലോചിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു പറഞ്ഞു. യുജിസി അംഗീകാരമില്ലെന്ന പ്രതിപക്ഷ വാദത്തെ മന്ത്രി തള്ളി. അംഗീകാരം ഉണ്ടെന്നും കോവിഡ് കാലമായതിനാലാണ് കോഴ്സുകള്‍ ആരംഭിക്കാനാകാത്തതെന്നും മന്ത്രി വ്യക്തമാക്കി.
Also Read: പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കും: മുഖ്യമന്ത്രി
ഇരുപത് ബിരുദ കോഴ്സുകളും, ഏഴ് പിജി കോഴ്സുകളും സര്‍വകലാശാലയ്ക്ക് കീഴില്‍ ആരംഭിക്കും. യൂണിവേഴ്സിറ്റിയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു. ബജറ്റില്‍ ഇതിനായി 10 കോടി രൂപ വകയിരുത്തിയിരുന്നു.
സര്‍വകലാശാലായിലെ നിയമനങ്ങളെ കെ.ബാബു എംഎല്‍എ വിമര്‍ശിച്ചു. എന്തുകൊണ്ട് നിയമനം പിഎസ്സിക്ക് വിടാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ബാബു ചോദ്യം ഉയര്‍ത്തി. സര്‍വകലാശാലയുടെ ദുരവസ്ഥയ്ക്ക് കാരണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടികളാണെന്നും ബാബു ആരോപിച്ചു.