തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ വിവിധ ഘട്ടങ്ങളിലായി നൽകിയ ഇളവുകൾ പലരും ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി. വിവാഹം, മരണം എന്നിവിടങ്ങളിലെല്ലാം ആളുകള്‍ കൂടുന്ന പരാതികള്‍ പല ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നു. മരണാനന്തര ചടങ്ങില്‍ 20 പേര്‍ക്കാണ് അനുമതി. എന്നാല്‍ ഇതില്‍ സ്വയം ദുര്‍വ്യാഖ്യാനം ചെയ്ത് കൂടുതൽ ആളുകൾ മരണവീട്ടിൽ കയറി ഇറങ്ങുന്നതായി അദ്ദേഹം പറഞ്ഞു. ഒരു സമയം 20 പേരെന്ന് ദുർവ്യാഖ്യാനം ചെയ്താണ് വ്യത്യസ്ത സമയങ്ങളിൽ കൂടുതൽ ആളുകൾ എത്തുന്നത്.

വിവാഹത്തിൽ പങ്കെടുക്കുന്നതിന് 50 പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ വിവാഹത്തിന് മുമ്പും ശേഷവുമായി നിരവധി ആളുകളാണ് ഒത്തുകൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും അനുവദിക്കാവുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ ബസ്സുകളിലും ബസ് സ്റ്റാന്‍ഡുകളിലും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നു. ഓട്ടോകളിലും മറ്റ് വാഹനങ്ങളിലും ചിലയിടത്ത് കൂടുതല്‍ ആളുകള്‍ കയറുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇത്തരം പരാതി ലഭിക്കുന്നുണ്ട്. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലേക്ക് വരുന്നവർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രജിസ്റ്റർ ചെയ്യാതെ വരുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ഇവരിൽനിന്നും കനത്ത പിഴ ഈടാക്കുമെന്നും 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് ആരോടും ഒരു വിവേചനവുമില്ല. നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. സമൂഹ വ്യാപനത്തിലേക്കാണ് അത് ചെന്നെത്തുക. അതിനാണ് സർക്കാരിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നു പറയുന്നത്. എവിടെ നിന്ന് വന്നാലും രജിസ്റ്റർ ചെയ്ത് വരണം.

അതേസമയം ഹോം ക്വാറന്റീൻ ലംഘനവും അമിതയാത്രക്കാരെയും കണ്ടെത്താൻ പൊലീസിന്റെ വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി അറിയിച്ചു.

വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പോലീസ് മിന്നല്‍ പരിശോധന നടത്തും. ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്റെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദേശം നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.