തിരുവനന്തപുരം: തന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ജപ്പാന്‍, കൊറിയ സന്ദര്‍ശനം വന്‍ വിജയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തോഷിബ കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പിടും. ടൊയോട്ടയും കരാര്‍ ഒപ്പിടും. നീറ്റ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും. ടെറുമോ കോര്‍പറേഷന്‍ 105 കോടിയുടെ നിക്ഷേപം നടത്തും. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തിനുള്ള അംഗീകാരമാണിത്. വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജപ്പാനില്‍നിന്ന് സംഘമെത്തും.

ജപ്പാനിലെ കമ്പനികള്‍ക്കു കേരളത്തെക്കുറിച്ച് നല്ല മതിപ്പാണ്. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക വളര്‍ച്ചയില്‍ ജപ്പാനും കൊറിയയും ആകൃഷ്ടരാണ്.വളരെ പോസിറ്റീവായ രീതിയിലാണ് വിദേശ സന്ദർശനം പൂർത്തിയായത്.  യുവജനങ്ങളെ മുന്നില്‍ കണ്ടാണ് യാത്ര നടത്തിയത്. നടത്തിയ ഓരോ കൂടിക്കാഴ്ചയും യുവാക്കള്‍ക്കു ഗുണകരമാവും.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ജാപ്പനീസ് സര്‍വകലാശാലകളുമായി സഹകരിക്കും. സമുദ്രോത്പന്ന ഭക്ഷ്യസംസ്‌കരണ മേഖലയില്‍ നിക്ഷേപം നടത്താന്‍ കൊറിയന്‍ കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ഐടി, ചെറുകിട വ്യവസായ മേഖലകളിലും നിക്ഷേപത്തിനു കമ്പനികള്‍ താല്‍പ്പര്യം അറിയിച്ചു.

വിദേശയാത്രയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടി പറയാനില്ല. പ്രതിപക്ഷത്തിന്റേതു തെറ്റിദ്ധാരണയാണ്. എന്തിനെയും വിമര്‍ശിക്കണമെന്ന നിലപാടാണു പ്രതിപക്ഷത്തിന്റേത്. മുഖ്യമന്ത്രിയും സംഘവും ഉല്ലാസത്തിനു പോയതാണെന്ന വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ തങ്ങള്‍ യാത്രയെ ഗൗരവമായാണു കണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉല്ലാസ യാത്രയായിരുന്നോയെന്ന ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ മതി. കുടുംബാംഗങ്ങളുടെ ചെലവ് സര്‍ക്കാര്‍ അല്ല വഹിച്ചത്. അത്തരം അല്‍പ്പത്തരം ഉള്ളവരല്ല തങ്ങള്‍.

Read Also: കോഹ്‌ലിയെ കളിയാക്കാൻ നിൽക്കേണ്ട, കളി കാര്യമാകും; വിൻഡീസിന് മുന്നറിയിപ്പുമായി അമിതാഭ് ബച്ചൻ

കേരള പൊലീസ് ഹെലികോപ്‌റ്റർ വാടകയ്‌ക്കെടുക്കുന്ന നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. വ്യോമസേന അധികൃതരുമായി ചർച്ച ചെയ്താണ് ഹെലി‌കോപ്‌റ്റർ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചത്. വാടക നിരക്കിൽ കാര്യമില്ല. പൊലീസിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള നടപടിയാണിത്. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്നു തന്നെയാണ് ഹെലി‌കോപ്‌റ്റർ വാടകയ്‌ക്കെടുക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഇടപാടാണിതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Read Also: ആള്‍ക്കൂട്ടത്തിന്റെ കയ്യടിക്കുവേണ്ടി കളിക്കാന്‍ എന്നെ കിട്ടില്ല, ലക്ഷ്യം വേറെയാണ്: വിരാട് കോഹ്‌ലി

എംജി സർവകലാശാല മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി പിന്തുണച്ചു. ഗവർണർക്ക് കാര്യം മനസിലായിട്ടുണ്ടെന്നും മന്ത്രി കെ.ടി.ജലീലിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎപിഎ കേസ് ചുമത്തി അറസ്റ്റ് ചെയ്ത മുൻ സിപിഎം പ്രവർത്തകരായ അലനെയും താഹയെയും മുഖ്യമന്ത്രി തള്ളി. അവർ മാവോയിസ്റ്റുകൾ തന്നെയാണെന്ന് വ്യക്തമായില്ലേ എന്നും സിപിഎമ്മുകാർ അല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.