scorecardresearch
Latest News

‘അത്തരമൊരു കത്ത് അയയ്ക്കാന്‍ പാടില്ലായിരുന്നു’; ജലീലിനെ തള്ളി മുഖ്യമന്ത്രി

എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ എത്രയും വേഗത്തില്‍ പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു

Pinarayi Vijayan, KT Jaleel, Madhyamam letter row

തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു എ ഇ. ഭരണാധികാരിക്കു കത്തെഴുതിയെന്ന വിവാദത്തില്‍ കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരമൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി, വിഷയത്തില്‍ ജലീലുമായി സംസാരിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

”ഇത്തരം ഒരു കാര്യം അറിയുന്നതു തന്നെ പരസ്യമായി വന്നപ്പോളാണ്. അതുവരെ അത്തരമൊരു പ്രശ്‌നം മനസിലാക്കിയിട്ടില്ല. നിയമസഭ പിരിഞ്ഞ സമയമായതുകൊണ്ട് അദ്ദേഹത്തെ നേരിട്ടു കണ്ടിട്ടില്ല. നേരിട്ട് കാണുമ്പോള്‍ വിഷയം സംസാരിക്കാമെന്ന് വിചാരിച്ചു. കഴിഞ്ഞ ദിവസം മാധ്യമത്തിന്റെ പ്രതിനിധികള്‍ വന്ന് കണ്ടിരുന്നു. ജലീലിനോട് ചോദിച്ചു മനസിലാക്കി തുടര്‍ന്ന് എന്താണു ചെയ്യേണ്ടതെന്നു തീരുമാനിക്കും,” മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു പത്രത്തെ യു എ ഇയില്‍ നിരോധിക്കാനാന്‍ സഹായസഹകരണങ്ങളുണ്ടാകണമെന്ന് തന്നോടും യു എ ഇ കോണ്‍സുല്‍ ജനറലിനോടും മന്ത്രിയായിരിക്കെ ജലീല്‍ ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷാണു വെളിപ്പെടുത്തിയത്. എന്നാല്‍ യു എ ഇയില്‍ കോവിഡ് ബാധിച്ച നിരവധി മലയാളികള്‍ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാര്‍ത്തയും ചിത്രവും മാധ്യമം പത്രം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാന്‍ അന്നത്തെ കോണ്‍സുല്‍ ജനറലിന്റെ പിഎയ്ക്കു വാട്‌സ്ആപ്പില്‍ മെസേജ് അയച്ചുവെന്നായിരുന്നു ഇതിനോടുള്ള ജലിലിന്റെ പ്രതികരണം. പത്രം നിരോധിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

വിഷയത്തില്‍ ജലീലിനെ കഴിഞ്ഞദിവസം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തള്ളിയിരുന്നു. മാധ്യമം പത്രം നിരോധിക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എം എല്‍ എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാര്‍ട്ടിയോട് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

എ കെ ജി സെന്റര്‍ ആക്രമണക്കേസില്‍ എത്രയും വേഗത്തില്‍ പ്രതികളെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രതികളെ കിട്ടാത്തതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. അവര്‍ ഗൗരവത്തോടെ അന്വേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകടമരണക്കേസുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെയേ ഉണ്ടാകൂ. സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി ഇരിക്കുന്നയാള്‍ ഓരോ ഘട്ടത്തിലും ചില ചുമതലകള്‍ വഹിക്കേണ്ടി വരും. അതുകെണ്ടാണു ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതെന്നും ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്തു കേസ് കര്‍ണാടകയിലേക്കു മാറ്റണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ് ഡയരക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചതിനെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi viayan on kt jaleel letter controversy