തിരുവനന്തപുരം: നവ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവഭങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മാധ്യമ സൗകര്യങ്ങൾ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ല എങ്കിൽ തക്കതായ നിയമ നിർമ്മാണം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീർത്തി പ്രചാരണവും അക്ഷന്തവ്യമാണ്. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ…
Posted by Pinarayi Vijayan on Sunday, 27 September 2020
“സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീർത്തി പ്രചാരണവും അക്ഷന്തവ്യമാണ്. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ലഭ്യമായ മാധ്യമ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളും. നിലവിലുള്ള നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ല എങ്കിൽ തക്കതായ നിയമ നിർമ്മാണം ആലോചിക്കും,” മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ ഉയർന്ന പരാതിയിൽ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ഇത്തരം സന്ദർഭങ്ങളിൽ നിയമം കയ്യിലെടുക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “അവഹേളിക്കപ്പെട്ട വനിതകൾക്കൊപ്പമാണ് ഈ നാടിന്റെ വികാരം. ഇരകൾക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകൾക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും,” മുഖ്യമന്ത്രി വ്യക്തമാക്കി.