തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ നോട്ടീസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.
മയ്യിൽ എസ്എച്ച്ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽ നിന്ന് ഡിജിപി മാറ്റിയിട്ടുണ്ട്. രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.
ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിണമെന്നഭ്യർത്ഥിക്കുന്നതായും വാർത്താകുറിപ്പിൽ അറിയിച്ചു.
പള്ളികളിൽ വെള്ളിയാഴ്ച ജുമാനിസ്കാരത്തിന് ശേഷം നടത്തി വരുന്നതായ മത പ്രഭാഷണത്തിൽ നിലവിലുള്ള സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ പ്രഭാഷണങ്ങൾ നടത്താൻ പാടില്ലാത്തതാണെന്നും അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തിയുടെ പേരിൽ ഉചിതമായ നിയമ നടപടി സ്വീകരിക്കുന്നതാണെന്നും കാണിച്ചാണ് മയ്യിൽ പൊലീസ് സ്റ്റേഷൻ പള്ളി കമ്മറ്റിക്ക് നോട്ടീസ് നൽകിയത്. മയ്യിൽ എസ്എച്ച്ഓയുടെ പേരിലായിരുന്നു നോട്ടീസ്.
സംഭവം വിവാദമായതോടെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ എസ്എച്ച്ഓയോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിനു പിന്നാലെ തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് എസ്എച്ഓ രംഗത്തെത്തി.
അതേസമയംസംഭവത്തിൽ പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. രാജ്യത്ത് പ്രവാചകനിന്ദയുമായി ബിജെപി വക്താക്കളും സംഘപരിവാരവും രംഗത്ത് വന്നിരിക്കെ, അതിനെ പ്രതിരോധിക്കേണ്ട ഭരണകൂടവും പൊലീസ് വാദിയെ പ്രതിയാക്കുന്ന ചെയ്തിയുമായി മുന്നോട്ട് വന്നിരിക്കുകയാണെന്നും പിണറായിയുടെ ഭരണത്തിൽ നീർക്കോലിയും ഫണം വിടർത്തുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി ആരോപിച്ചു.
ഡിജിപിയുടെ ഉത്തരവുകൾ അനുസരിക്കാത്ത എഡിജിപിമാരുള്ള പിണറായി ഭരണത്തിൽ ഇതും ഇതിലപ്പുറവും സംഭവിച്ചെങ്കിലെഅത്ഭുതമുള്ളൂ എന്നും ഇത്തരമൊരു നോട്ടീസിൻ്റെ ആധികാരികതയെ കുറിച്ച് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയും നാഴികക്ക് നാൽപത് വട്ടം ന്യൂനപക്ഷ സ്നേഹം പ്രസംഗിക്കുന്നക്കുന്ന സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും കരീംചേലേരി ആവശ്യപ്പെട്ടു.
Also Read: സ്വപ്ന സുരേഷിന്റെ ആരോപണം; മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പുറത്തുവിട്ട് ഓഫീസ്