/indian-express-malayalam/media/media_files/2025/05/20/gW7XMWjuapYcoaSuAFYL.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ഡിസംബർ ഒന്നിന് പാർലമെന്റിൽ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ, ഇന്നു ചേർന്ന എംപിമാരുടെ യോഗത്തിൽ, കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് ലഭിക്കേണ്ട കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന എംപിമാരുടെ ഇടപെടൽ വിഷയത്തിൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വന്യജീവി സംരക്ഷണ നിയമം 1972 ലെ 11-ാം വകുപ്പിൽ നിരവധി തടസ്സങ്ങളുണ്ട്. ഈ തടസ്സങ്ങൾ ലഘൂകരിക്കുന്ന നിയമഭേദഗതി 2025 ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബിൽ നിയമസഭ പാസ്സാക്കിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിനായി രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ഇത് എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
Also Read: തന്ത്രി കണ്ഠരര് രാജീവരെ കുരുക്കിലാക്കി എ.പത്മകുമാറിന്റെ മൊഴി; ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധം
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിൽ 620 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം ലഭ്യമാക്കേണ്ടതുണ്ട്. വന്യജീവി ആക്രമണങ്ങൾ നേരിട്ടവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തിന്റെ കേന്ദ്രവിഹിതം അനുവദിച്ചു കിട്ടണം. പ്രധാനമന്ത്രി ആവാസ് യോജന 2.0 പദ്ധതിയുടെ മാർഗ്ഗരേഖ ഖണ്ഡിക 8.1 പ്രകാരം യൂണിറ്റ് കോസ്റ്റ് 2.5 ലക്ഷമായി ഉയർത്തിയപ്പോഴും കേന്ദ്രവിഹിതം 1.5 ലക്ഷമായി തുടരുകയാണ്. ഇതേസമയം സംസ്ഥാന സർക്കാരിന്റെ വിഹിതം 50,000 ത്തിൽ നിന്നും ഒരു ലക്ഷമായി ഉയർന്നിട്ടുണ്ട്. ബാക്കി തുക നഗരസഭകളാണ് വഹിക്കുന്നത്. കേന്ദ്രവിഹിതം വർദ്ധിപ്പിക്കാൻ ആവശ്യമായ ഇടപെടലും എംപിമാർ നടത്തേണ്ടതുണ്ട്.
പദ്ധതിയുടെ മാർഗ്ഗരേഖ പ്രകാരം നിർമ്മിച്ചു നൽകുന്ന വീടുകൾക്ക് മുന്നിൽ പിഎംഎവൈ ലോഗോ വെക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അത് ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബ്രാൻഡിങ് നിബന്ധന ഒഴിവാക്കുന്ന വിഷയത്തിൽ അനുകൂല തീരുമാനം ലഭിക്കുന്നതിനും എംപിമാരുടെ ഇടപെടൽ അനിവാര്യമാണ്.
Also Read: ഗർഭിണിയായ 20 കാരിയുടെ മരണം: സംശയരോഗി, മകളെ ക്രൂരമായി മർദിക്കും; ഭർത്താവിനെതിരെ കുടുംബം
മേപ്പാടി - ചൂരൽമല ദുരന്തബാധിത മേഖലയുടെ പുനർനിർമ്മാണത്തിനായി 2,221.03 കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നത്. എന്നാൽ കേന്ദ്രസഹായമായി 260.56 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളൂ. അർഹമായ സാമ്പത്തിക സഹായം കേന്ദ്രത്തിൽ നിന്നും ലഭ്യമാക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലജീവൻ മിഷന്റെ രണ്ട് വർഷത്തെ സംസ്ഥാന വിഹിതത്തിനായി 17,500 കോടി രൂപ കടമെടുപ്പ് പരിധിക്ക് ഉപരിയായി അധിക കടം അനുവദിക്കണം. 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച തുകകളായ 6,757 കോടി രൂപയും, 3,323 കോടി രൂപയും പുനഃസ്ഥാപിക്കണം.
സംസ്ഥാനങ്ങളുടെ 2024-25 സാമ്പത്തിക വർഷത്തെ മൂലധന നിക്ഷേപങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക പദ്ധതിയായ എസ്എഎസ്‌സിഐയുടെ ഭാഗമായി സംസ്ഥാനത്തിനു ലഭിക്കേണ്ട 300 കോടി രൂപ ലഭ്യമാക്കണം.
ജിഎസ്‌ടി നികുതി പരിഷ്ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് നികുതി വരുമാനത്തിൽ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചരക്ക് സേവന നികുതിയിലും, ഓട്ടോമൊബൈൽ, സിമന്റ്, ഇലക്ട്രോണിക്സ്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള നികുതി വരുമാനത്തിലും ഭാഗ്യക്കുറിയുടെ ജിഎസ്‌ടി നിരക്കിലും, കേന്ദ്രം നൽകേണ്ട ചരക്കുസേവന നികുതി വിഹിതത്തിലും വലിയ കുറവാണ് വന്നിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന വർദ്ധനവിനെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പാർലമെന്റിൽ ഉയർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ ഖാദി ഉത്പന്നങ്ങളെയും ജിഎസ്‌ടിയുടെ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിന് ഇടപെടൽ ആവശ്യമാണ്. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത മുഴുവൻ അവാർഡ് തുകയും ലഭ്യമാക്കണം. 2025-26 സാമ്പത്തിക വർഷത്തെ ആവർത്തന ഗ്രാന്റ് ഇനത്തിൽ കേന്ദ്രവിഹിതത്തിൽ വരുത്തിയ കുറവ് പരിഹരിച്ച്, തുക എത്രയും വേഗം ലഭ്യമാക്കാനും എംപിമാരുടെ ഇടപെടൽ വേണ്ടതുണ്ട്. ഇതടക്കം സുപ്രധാന വിഷയങ്ങളെല്ലാം പാർലമെന്റിൽ ഉന്നയിക്കണമെന്ന് എംപിമാരുടെ യോഗത്തിൽ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
Read More: രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസിൽ വിവാദം പുകയുന്നു; രണ്ട് തട്ടിൽ നേതാക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us