തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുമായുള്ള ബന്ധത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ രണ്ട് ഡി.വൈ. എസ്.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ജെ ജോണ്‍സണ്‍, വിജിലന്‍സ് ഡിവൈഎസ്പി പ്രസാദ് എന്നിവര്‍ക്കെതിരേയാണ് നടപടി. ഗുണ്ടാ ബന്ധത്തില്‍ നേരത്തെ നാല് സി.ഐമാരടക്കം 5 പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് ഇടനിലക്കാരായി പൊലീസ് ഉദ്യോഗസ്ഥരെത്തിയത്. ഇരുവര്‍ക്കുമെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിജിപി നേരത്തെ ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്നപരിഹാര ചര്‍ച്ചയില്‍ ജോണ്‍സണും പ്രസാദും നേരത്തെ സസ്പെന്‍ഷനിലായ റെയില്‍വേ സിഐ അഭിലാഷും പങ്കെടുത്തിരുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.
പാറശ്ശാല ഷാരോണ്‍ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ജോണ്‍സണ്‍. ജോണ്‍സന്റെ മകളുടെ പിറന്നാളാഘോഷം ഒരു ആഡംബര ഹോട്ടലില്‍വച്ച് നടന്നിരുന്നു. അതിന്റെ ചെലവ് വഹിച്ചത് ഗുണ്ടാസംഘങ്ങളില്‍പ്പെട്ടവരാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് പ്രത്യേക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.