കൊച്ചി: മൂന്നര പതിറ്റാണ്ടിലേറെ മകന്റെ ഓർമ്മകളുമായി ജീവിച്ച്, ഒടുവിൽ ജോസഫ് യാത്രയായി. ക്ലിന്റിന് ജനിച്ച നാട്ടിൽ ഒരു സ്മാരകം എന്ന സ്വപ്നം അപ്പോഴും ബാക്കിയായി. എന്നാൽ തന്റെ ആറടി മണ്ണ് കൂടി മകന് വിട്ട്കൊടുത്ത്, മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് വേണ്ടി എഴുതിവച്ചാണ് എംടി ജോസഫ് ഓർമ്മയാകുന്നത്.
കേരളം എക്കാലവും ഓർമ്മയിൽ സൂക്ഷിക്കുന്ന പേരാണ് എഡ്‌മണ്ട് തോമസ് ക്ലിന്റ്. ഏഴ് വയസ് തികയാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ, ലോകത്തിന് മുന്നിൽ തന്റെ ചിത്രങ്ങൾ അവശേഷിപ്പിച്ച് ഓർമ്മയായ കുഞ്ഞ്. അവനിപ്പോൾ ഉറങ്ങുന്നത് എറണാകുളത്ത് മഞ്ഞുമൽ സെന്റ് ജോസഫ് പളളി സെമിത്തേരിയിലെ കുടുംബ കല്ലറയിലാണ്.
Read More: അനശ്വര ചിത്രകാരൻ ക്ലിന്റിന്റെ പിതാവ് എം.ടി.ജോസഫ് അന്തരിച്ചു
ക്ലിന്റിന്റെ ഓർമ്മകളുമായി ജീവിതം തളളിനീക്കിയ എംടി ജോസഫ് ഇന്ന് ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. പക്ഷെ മകനെ അടക്കം ചെയ്ത കുടുംബ കല്ലറയിൽ തന്നെ അടക്കം ചെയ്യരുതെന്നത് ആ അച്ഛന്റെയും അമ്മയുടെയും തീരുമാനമാണ്.
മകന് കൊടുക്കാവുന്നത് ആറടി മണ്ണ് മാത്രമാണ്. അതെങ്കിലും അവന് മാത്രമായിരിക്കട്ടെയെന്നത് കേരളത്തിന് അപമാനഭാരത്തോടെയല്ലാതെ ഓർക്കാൻ സാധിക്കില്ല. മഞ്ഞുമ്മലിലെ സെന്റ് ജോസഫ് പളളിയിൽ 45 വർഷത്തേക്കാണ് കല്ലറ അനുവദിച്ചിരിക്കുന്നത്. 1983 ലായിരുന്നു ക്ലിന്റിന്റെ മരണം. ക്ലിന്റിന്റെ ജീവിത കഥ കേട്ടറിഞ്ഞ വിദേശികൾ ഇപ്പോഴും ഈ പളളിയിൽ എത്താറുണ്ട്. അതിനാൽ തന്നെ ജോസഫ്-ചിന്നമ്മ ദമ്പതികളുടെ ആഗ്രഹത്തിന് പളളിയും എതിര് നിൽക്കില്ലെന്ന് വാക്കു കൊടുത്തിട്ടുണ്ട്.
രണ്ട് വയസിൽ തുടങ്ങിയ ക്ലിന്റ്, മരിക്കുന്നതിന് മുൻപ് 30,000ത്തോളം ചിത്രങ്ങളാണ് വരച്ചുവെച്ചത്. ലോകത്തിന് ഇന്നും വിസ്മയമായി അവശേഷിക്കുകയാണ് ആ കുഞ്ഞുപ്രതിഭ. പിറന്ന നാട് വേണ്ടവിധം അംഗീകരിച്ചിട്ടില്ലാത്ത ക്ലിന്റിനെ ഒരിക്കൽ പോലും ജോസഫ് ആദരവോടെയല്ലാതെ പരാമർശിച്ചിട്ടില്ല. അദ്ദേഹം, ക്ലിന്റ്, മോൻ എന്നീ മൂന്ന് വാക്കുകൾ മാത്രമാണ് അദ്ദേഹം ഓർമ്മകൾ പങ്കുവയ്ക്കുമ്പോഴെല്ലാം ഉപയോഗിച്ചത്.
മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാനം ചെയ്യാനാണ് ജോസഫിന്റെയും ചിന്നമ്മയുടെയും തീരുമാനം. അതിനാൽ തന്നെ വെളളിയാഴ്ച മഞ്ഞുമ്മലിലെ വസതിയിൽ ശുശ്രൂഷകൾ പൂർത്തിയാക്കിയ ശേഷം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിക്ക് മൃതദേഹം വിട്ടുകൊടുക്കും. ചരിത്രത്തിൽ എക്കാലവും ആ കല്ലറ, മരണമില്ലാത്ത ആ കുഞ്ഞു ചിത്രകാരന്റേത് മാത്രമാകും.