കൊച്ചി: ഏഴ് വയസിനിടെ മുപ്പതിനായിരത്തിലേറെ ചിത്രങ്ങൾ വരച്ച എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. എറണാകുളം മുല്ലപ്പറന്പിൽ കുടുംബാംഗമാണ്. ഇദ്ദേഹത്തിന്റെയും ഭാര്യ ചിന്നമ്മയുടെയും ഏക മകനായിരുന്ന എഡ്മണ്ട് തോമസ് ക്ലിന്റ് ഒരു അദ്ഭുത ബാലനായാണ് അറിയപ്പെടുന്നത്.

Read More: ജോസഫിന്റെ ആറടി മണ്ണും ക്ലിന്റിന്; മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക്

രണ്ട് വയസ്സുമുതൽ ചിത്രരചന ആരംഭിച്ച കുട്ടി, കരൾ രോഗം ബാധിച്ചതിനെ തുടർന്ന് ഏഴ് വയസ്സ് തികയാൻ ഒരു മാസം ശേഷിക്കുമ്പോഴാണ് മരണത്തിന് കീഴടങ്ങിയത്. പെൻസിലും ക്രയോൺസും എണ്ണഛായവും ജലഛായവും എല്ലാം ഉപയോഗിച്ചായിരുന്നു വരകൾ. രണ്ടു വയസ്സിനുള്ളിൽ മലയാളവും നാല് വയസ്സിൽ ഇംഗ്ലീഷും പഠിച്ച ക്ലിന്റ് വായിച്ചും പറഞ്ഞും കേട്ട കഥാ സന്ദർഭങ്ങളെ ചിത്രീകരിക്കുകയായിരുന്നു.

Image may contain: 2 people, people sitting

ക്ലിന്റിന്റെ അച്ഛന്മാർ… ക്ലിന്റിന്റെ അച്ഛനായി വെളളിത്തിരയിൽ വേഷമിട്ട ഉണ്ണി മുകുന്ദൻ ക്ലിന്റിന്റെ അച്ഛൻ എംടി ജോസഫിനെ ആലിംഗനം ചെയ്യുന്നു (ഫയൽ ചിത്രം)

ക്ലിന്റിന് കേരളത്തിൽ ഒരു സ്മാരകമെന്ന സ്വപ്നം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയാകുന്നത്. മൃതദേഹം ആശുപത്രിയിൽ നിന്ന് എറണാകുളം മഞ്ഞുമലിലെ ഭാര്യാഗൃഹത്തിലേക്ക് കൊണ്ടുപോകും. പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്‌പിറ്റലിന് മൃതദേഹം കൈമാറും.

ക്ലിന്റിന്റെ ജീവിതകഥയെ ആസ്പദമാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ഹരികുമാറാണ്. 2017 ആഗസ്റ്റ് നാലിന് ചിത്രം റിലീസ് ചെയ്തു.

തൃശ്ശൂരില്‍ നിന്നുള്ള അലോക് എന്ന കുട്ടിയാണ് ചിത്രത്തിൽ ക്ലിന്റായി വേഷമിട്ടത്. ക്ലിന്റിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി ബേബി അക്ഷരയായിരുന്നു അഭിനയിച്ചത്.  തോമസായി ചിത്രത്തിൽ വേഷമിട്ടത് ഉണ്ണി മുകുന്ദനാണ്. അമ്മ ചിന്നമ്മായായി റിമ കല്ലിങ്കലാണ് അഭിനയിച്ചത്.

വിനയ് ഫോര്‍ട്ട് ക്ലിന്റിന് ഏറെ പ്രിയപ്പെട്ട ചിത്രകാരനായ അങ്കിള്‍ ആയെത്തി. മോനമ്മയെന്ന കഥാപാത്രമായി കെ.പി.എ.സി ലളിതയും വേഷമിട്ടു. ഡോ വില്യം എന്ന കഥാപാത്രമായി ജോയ് മാത്യുവാണ് അഭിനയിച്ചത്. രഞ്ജി പണിക്കര്‍, സലിം കുമാര്‍ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.