scorecardresearch

കാലാവസ്ഥ വ്യതിയാനം: അറബിക്കടലില്‍ ഉപദ്രവകാരികളായ ആല്‍ഗകളുടെ വളര്‍ച്ച വര്‍ധിക്കുന്നു

ഇത്തരം ആൽഗകളുടെ വളർച്ച മത്സ്യസമ്പത്തിനു മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്

Algal bloom, Algal bloom Arabian sea, Climate Change, Algal bloom Arabian sea Climate Change, Harmful Algal bloom Arabian sea
പ്രതീകാത്മക ചിത്രം

കൊച്ചി: കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി അറബിക്കടലില്‍ ഉപദ്രവകാരികളായ ആല്‍ഗകളുടെ വളര്‍ച്ച (ഹംഫുള്‍ ആല്‍ഗല്‍ ബ്ലൂം) വര്‍ധിക്കുന്നതായി വിദഗ്ധര്‍. ഇത് മീനുകളെ മാത്രമല്ല, മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. 2000 മുതല്‍ 2020 വരെ അറബിക്കടലില്‍ ഉപദ്രവകാരികളായ ആല്‍ഗകളുടെ വളര്‍ച്ച ഏകദേശം മൂന്ന മടങ്ങ് വര്‍ധിച്ചതായും മത്സ്യശാസ്ത്രജ്ഞര്‍ പറയുന്നു.

കൊച്ചിയില്‍ നടക്കുന്ന വണ്‍ ഹെല്‍ത്ത് അക്വാകള്‍ച്ചര്‍ ഇന്ത്യ ശില്‍പശാലയിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

പ്രശ്‌നം സംബന്ധിച്ച് മുന്‍കൂട്ടി പ്രവചനവും മുന്നറിയിപ്പ് സംവിധാനവും അനിവാര്യമാണെന്നു ധാക്കയിലെ സാര്‍ക് അഗ്രികള്‍ച്ചര്‍ സെന്റര്‍ (സാക്) സീനിയര്‍ പ്രോഗ്രാം സ്പെഷലിസ്റ്റ് ഡോ ഗ്രിന്‍സന്‍ ജോര്‍ജ് പറഞ്ഞു. ഇത്തരം ആല്‍ഗകള്‍ ക്രമാതീതമായി വളരുന്നതു മീനുകളുടെ ജീവനു ഭീഷണിയാണ്. ഇതു കടലിലെ കൂടുമത്സ്യകൃഷി പോലെയുള്ള കൃഷിരീതികളെ സാരമായി ബാധിക്കും.

മുന്നറിയിപ്പ് സംവിധാനം വരുന്നതോടെ കടലില്‍ മത്സ്യകൃഷി നടത്തുന്നവര്‍ക്കു നേരത്തെ വിളവെടുപ്പ് നടത്താന്‍ സഹായിക്കും. തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കിടയിലെ മത്സ്യകര്‍ഷകര്‍ക്കിടയില്‍ ജലജന്യരോഗങ്ങള്‍ വര്‍ധിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനത്തെത്തുടര്‍ന്നുള്ള പ്രളയം, തീരശോഷണം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ തീരദേശജനതയുടെ ജീവിതം ദുസ്സഹമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ആഗോളതലത്തില്‍ ആരോഗ്യസംരക്ഷണ മേഖലയ്ക്കു കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നതെന്നു സിഫാസ്-യുകെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഡേവിഡ് വെര്‍ണര്‍ ജെഫ്രി പറഞ്ഞു. ഇതു തടയുന്നതിനു സുരക്ഷിതമായ അക്വാട്ടിക് ഹെല്‍ത് മാനേജ്മെന്റ് സംവിധാനം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Algal bloom, Algal bloom Arabian sea, Climate Change, Algal bloom Arabian sea Climate Change, Harmful Algal bloom Arabian sea
കൊച്ചിയില്‍ നടക്കുന്ന വണ്‍ ഹെല്‍ത്ത് അക്വാകള്‍ച്ചര്‍ ഇന്ത്യ ശില്‍പ്പശാലയില്‍ സിഫാസ്-യുകെ ശാസ്ത്രജ്ഞന്‍ ഡോ. റിച്ചാര്‍ഡ് ഹീല്‍ സംസാരിക്കുന്നു

കാലാവസ്ഥാവ്യതിയാനം മത്സ്യകൃഷി മേഖലയ്ക്കു വന്‍ഭീഷണിയാണെന്നു സിഫാസ്-യുകെ ശാസ്ത്രജ്ഞന്‍ ഡോ റിച്ചാര്‍ഡ് ഹീല്‍ പറഞ്ഞു.

പരസ്പര സഹകരണത്തിലൂടെ സുരക്ഷിതവും സുസ്ഥിരവുമായ മത്സ്യകൃഷി സംവിധാനം ഇന്ത്യയില്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, യു കെ സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എണ്‍വയണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്സ് (സിഫാസ്), കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍ ഐ) എന്നിവ സംയുക്തമായാണു ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Climate change harmful algal bloom rise arabian sea756189