തിരുവനന്തപുരം: ഇന്ത്യയിലും വിദേശത്തും ഏറെ പ്രതികരണം സൃഷ്ടിച്ചുകൊണ്ട് കേരള ടൂറിസം നടത്തിയ ക്ലിന്റ് സ്മാരക ഓണ്‍ലൈന്‍ അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനാണ് പത്രസമ്മേളനത്തില്‍ വിജയികളെ പ്രഖ്യാപിച്ചത്.
വിദേശരാജ്യങ്ങളിലെ പത്ത് പേര്‍ക്കും ഇന്ത്യയിലെ അഞ്ചു പേര്‍ക്കും കുടുംബസമേതം ആകര്‍ഷകമായ ടൂര്‍ പാക്കേജ് ഉള്‍പ്പെടെ 110 സമ്മാനങ്ങളാണ് വിജയികള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം ഗുജറാത്ത് വഡോദരയിലെ പാര്‍ഥ് ജോഷി എന്ന പന്ത്രണ്ടുകാരനാണ്.
ഇന്ത്യയില്‍ നിന്ന് പാര്‍ഥ് ഉള്‍പ്പെടെ ഏറ്റവും മികച്ച ചിത്രങ്ങള്‍ വരച്ച അഞ്ചു കുട്ടികള്‍ക്കും അവരുടെ രണ്ട് കുടുംബാംഗങ്ങള്‍ക്കും വീതം അഞ്ചു രാത്രി നിണ്ടുനില്‍ക്കുന്ന കേരള ടൂര്‍ പാക്കേജ് ലഭിക്കും.

രണ്ടാം സമ്മാനം നേടിയ ബംഗ്ലാദേശ് സ്വദേശിയായ പതിനാലുകാരി നഫീസ തബാസം ആതേ ഉള്‍പ്പെടെ പത്തു മികച്ച ചിത്രങ്ങള്‍ വരച്ച വിദേശത്തു നിന്നുള്ള കുട്ടികള്‍ക്കും അവരുടെ രണ്ടു കുടുംബാംഗങ്ങള്‍ക്കും വീതം അഞ്ചു രാത്രികള്‍ കേരളം കാണുന്നതിനുള്ള ടൂര്‍ പാക്കേജാണ് നല്‍കുന്നത്. മൂന്നാം സമ്മാനം ലഭിച്ച ആറു വയസുകാരി മലയാളി ബാലിക പി.ജി ആരാധ്യയ്ക്കും മൊത്തം 25 കുട്ടികള്‍ക്കും 10,000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. കേരളത്തില്‍നിന്ന് മികച്ച ചിത്രങ്ങള്‍ വരച്ച 40 പേര്‍ക്ക് പതിനായിരം രൂപ വിതം ക്യാഷ് അവാർഡ് നൽകുന്നുണ്ട്. ആദ്യ മൂന്നു സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്‍കുന്നതായിരിക്കും. കൂടാതെ 20 കുട്ടികള്‍ക്ക് മെമന്റോയും നല്‍കും. പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട രചനകള്‍ക്കു പ്രത്യേക സമ്മാനവും ലഭിക്കും.
കേവലം ഏഴുവയസിനുള്ളിൽ 25,000 ചിത്രങ്ങള്‍ വരച്ചിട്ട കുരുന്നു പ്രതിഭയാണ് എഡ്മണ്ട് തോമസ് ക്ലിന്റ്. പരേതനായ എം.ടി. ജോസഫിന്റെയും ചിന്നമ്മ ജോസഫിന്റെയും മകനായി ജനിച്ച ക്ലിന്റിന്റെ ജീവിതകാലം 1976 മുതല്‍ 1983 വരെ ആയിരുന്നു. കേരളത്തില്‍ ഏറ്റവും മികച്ച ചിത്രങ്ങള്‍ എന്ന് ക്ലിന്റിന്റെ ചിത്രങ്ങളെ വിശേഷിപ്പിക്കാറുണ്ട്.

ലോകവ്യാപകമായി നടത്തി എന്നതാണ് രണ്ടാം ക്ലിന്റ് മെമ്മോറിയല്‍ ഓണ്‍ലൈന്‍ ചിത്ര രചനാ മത്സരത്തിന്റെ സവിശേഷതയെന്ന് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ചിത്രരചനാ മത്സരത്തിലൂടെ ഒരു സ്ഥലത്തെ പരിചയപ്പെടുത്തുക എന്ന ആശയം മറ്റെവിടെയെങ്കിലും പരീക്ഷിച്ചതായി അറിയില്ലെന്നും കേരളത്തെ കൂടുതല്‍ അറിയാന്‍ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കു കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള നാലു മുതല്‍ 16 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായാണ് മത്സരം നടത്തിയത്. (ക്ലിന്റ് നാലാം വയസ്സില്‍ പതിനാറു വയസുകാരെ തോല്പിച്ചു സമ്മാനം നേടിയതു കൊണ്ടാണ് മുഴുവന്‍ കുട്ടികളെയും ഒറ്റ ഗ്രൂപ്പായി കണക്കാക്കിയത്). ഓഗസ്റ്റിലെ പ്രളയ ദുരന്തത്തിനുശേഷം സെപ്റ്റംബര്‍ ഒന്നു മുതല്‍ 2019 ജനുവരി 31 വരെ ആയിരുന്നു മത്സരം.
133 രാജ്യങ്ങളില്‍ നിന്നായി 48397 കുട്ടികള്‍ മത്സത്തിനു പേരു രജിസ്റ്റര്‍ ചെയ്തു. 96 രാജ്യങ്ങളില്‍ നിന്നായി 38,990 രചനകളാണ് മത്സരത്തിനെത്തിയത്. വിദേശത്ത് നിന്ന് 6542 രചനകളും, കേരളത്തില്‍ നിന്ന് 5713 രചനകളും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 26735 രചനകളും ലഭിച്ചു. (കഴിഞ്ഞ രാജ്യാന്തര ചിത്ര രചനാ മത്സരത്തിന് കിട്ടിയത് അയ്യായിരത്തോളം രചനകളായിരുന്നു.)
പ്രഗത്ഭരായ വ്യക്തികള്‍ അടങ്ങിയ സമിതിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്. ബിഹാര്‍ മ്യൂസിയം ഡയറക്ടര്‍ മുഹമ്മദ് യൂസഫ്, വൃന്ദാവന്‍ സോളങ്കി (ഗുജറാത്ത്), വിപ്ത കപാഡിയ (മുംബൈ), പ്രൊഫ. സുരേഷ് കെ.നായര്‍ (ബനാറസ്) എന്നിവര്‍ക്കു പുറമേ കേരള ലളിത കലാ അക്കാദമി ചെയര്‍മാനായ നേമം പുഷ്പരാജും, പ്രശസ്ത ചിത്രകലാ നിരൂപകനായഎം.എല്‍.ജോണിയും അടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തില്‍ 3000 ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. പിന്നീട് അവ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി അവസാന വിജയികളെ നിശ്ചയിച്ചു.