തൊടുപുഴ: സീറോ മലബാർ സഭയുടെ ചരിത്രത്തിലാദ്യമായി കർദിനാളിനെതിരെ മാർപാപ്പയ്ക്ക് പരാതി നൽകാനൊരുങ്ങി വൈദികർ. ഈ തീരുമാനത്തോടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം പുതിയ തലത്തിലേയ്ക്ക് നീങ്ങുന്നു. ഭൂമി വിവാദത്തില്‍ പ്രതിക്കൂട്ടിലായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മാര്‍പാപ്പയ്ക്ക്  പരാതി നല്‍കാനാണ് എറണാകുളം -അങ്കമാലി അതിരൂപതയിലെ വൈദികരിൽ ഒരു വിഭാഗം തീരുമാനിച്ചത്. ഇതോടെ ഭൂമി വിവാദത്തിന്റെ പേരില്‍ സഭയിലുണ്ടായ വിവാദം പുതിയ തലത്തിലേയ്ക്ക്  നീങ്ങുന്നു.

ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ നിയോഗിച്ച ആറംഗ പ്രത്യേക സമിതി കഴിഞ്ഞദിവസം ഇടക്കാല റിപ്പോര്‍ട്ടു നല്‍കി. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ കൂടിയ യോഗത്തിലാണ് അന്വേഷണ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും വിഷയത്തില്‍ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മീഷന്റെ അന്തിമ റിപ്പോർട്ട് ജനുവരി 31 ന് നൽകുമെന്നാണ് അറിയുന്നത്.

എറണാകുളം -അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള 418 വൈദികരില്‍ 300-ലധികം പേര്‍ പങ്കെടുത്ത ഈ യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഇടക്കാല റിപ്പോർട്ടിന്രെ പശ്ചാത്തലത്തിൽ സംഭവത്തിൽ കര്‍ശന നടപടിയാവശ്യപ്പെട്ടു രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് മാര്‍പാപ്പയ്ക്കു പരാതി നല്‍കാന്‍ വൈദികര്‍ തീരുമാനമെടുത്തത്. ഒരു കര്‍ദിനാളിനെതിരേ വൈദികര്‍ ചേര്‍ന്നു മാര്‍പാപ്പയ്ക്കു പരാതി നല്‍കുന്നതു സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നു മുതിര്‍ന്ന വൈദികര്‍ തന്നെ സമ്മതിക്കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു മെഡിക്കല്‍ കോളജ് തുടങ്ങാന്‍ വാങ്ങിയ ഭൂമിയുടെ കടംവീട്ടാന്‍ വേണ്ടി നടത്തിയ ഭൂമി വില്‍പ്പനയാണ് രൂപതയെ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കെത്തിച്ചിരിക്കുന്നത്.

വൈദികരുടെ യോഗത്തിൽ ആദ്യം മാർപാപ്പയ്ക്ക് പരാതി നൽകാമെന്ന അഭിപ്രായം ഉയർന്നുവെങ്കിലും അത്രയും കടുത്ത തീരുമാനങ്ങളിലേയ്ക്ക് പോകേണ്ടതില്ലെന്ന നിലപാടായിരുന്നു മുതിർന്ന വൈദികരിലൊരു വിഭാഗം സ്വീകരിച്ചത്. എന്നാൽ ഇടക്കാല റിപ്പോർട്ടിലൂടെ സംഭവങ്ങളുടെ ഗൗരവം ബോധ്യമായതോടെയാണ് ഈ തീരുമാനത്തിനൊപ്പം നിൽക്കാൻ അവരും തീരുമാനിച്ചതെന്നും പറയപ്പെടുന്നു.

‘കുറച്ചുകാലം മുമ്പാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ സഭാ നേതൃത്വം ആലോചന കൊണ്ടുവന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഭൂരിഭാഗം വൈദികരും ഇത്തരമൊരു സംരംഭം സഭയ്ക്ക് ആവശ്യമില്ലായെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇതു വകവയ്ക്കാതെയാണ് 58 കോടി രൂപ മുടക്കി അങ്കമാലിയില്‍ 25 ഏക്കര്‍ ഭൂമി വാങ്ങിയത്. എന്നാല്‍ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിട്ടുമില്ല. മെഡിക്കല്‍ കോളേജിന് ഭൂമി വാങ്ങിയ ഇനത്തിലുള്ള 60 കോടിയുടെ പലിശയായി വര്‍ഷം ആറു കോടി രൂപയാണ് സഭ അടയ്ക്കുന്നത്. ഏതാനും മാസം മുമ്പ് ചേര്‍ന്ന വൈദിക സമിതി യോഗത്തിലാണ് സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു കടം വീട്ടാന്‍ തീരുമാനിക്കുന്നത്. ഇതിനായി എറണാകുളം ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിനു സമീപമുള്ള 69 സെന്റ്, തൃക്കാക്കര കൊല്ലംകുടി മുകളിലുള്ള ഒരേക്കര്‍ (ഇത് 14 പ്ലോട്ടുകളായി തിരിച്ചു), എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഈ സ്ഥലങ്ങൾ 27 കോടി രൂപ വില്‍ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

എന്നാല്‍ വിൽപ്പന കഴിഞ്ഞപ്പോള്‍ ലഭിച്ചത് ഒമ്പത് കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില്‍ 25 റബര്‍ തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില്‍ 17 ഏക്കര്‍ ഏലത്തോട്ടവുമാണ് ലഭിച്ചത്. ഭൂമി കൃത്യമായ രീതിയില്‍ ലേലം ചെയ്തു വിറ്റെങ്കില്‍ കുറഞ്ഞത് 70 കോടി രൂപ ലഭിക്കുമായിരുന്നു. എന്നാല്‍ സഭയ്ക്കു ലഭിച്ചത് ആര്‍ക്കും വേണ്ടാത്ത രണ്ടു സ്ഥലങ്ങളും ഒന്‍പതു കോടി രൂപയുമായിരുന്നു. ഇത്തരത്തില്‍ നഷ്ടം വന്നതിന് ഉത്തരവാദികളായവര്‍ മറുപടി പറഞ്ഞേ തീരൂ,’ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച മുതിര്‍ന്ന വൈദികന്‍ നിലപാട് വ്യക്തമാക്കുന്നു. “ഞങ്ങള്‍ ഇത്രയും കാലം ധാര്‍മികത എന്ന ഒറ്റ മൂല്യം മുറുകെപ്പിടിച്ചാണ് മുന്നോട്ടു പോയത്. ഇനി സംഭാവനയ്ക്കും അല്ലാതെയുമായി ഞങ്ങള്‍ എങ്ങനെ ജനങ്ങളെ അഭിമുഖീകരിക്കും. വല്ലാത്തൊരു പ്രതിസന്ധിയാണിത്.” ഇന്നലെ നടന്ന വൈദികരുടെ യോഗത്തിലും എങ്ങനെ കടങ്ങള്‍ തീര്‍ത്തു മുന്നോട്ടു പോകാമെന്ന വിലയിരുത്തലുണ്ടായി.

അതേസമയം ചങ്ങനാശേരി അതിരൂപതക്കാരനായ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ ഏതുവിധേനയും പുകച്ചുപുറത്തുചാടിക്കാനുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെയയും ബിഷപ്പുമാരുടെയും നീക്കമാണ് ഇപ്പോഴത്തെ വിവാദത്തിനു പിന്നിലെന്നാണ് കര്‍ദിനാളിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ചങ്ങനാശേരിയില്‍ നിന്നുള്ളവര്‍ മുന്‍പും എറണാകുളം അങ്കമാലി രൂപതയുടെ ചുമതലയിലുണ്ടായിരുന്നപ്പോള്‍ ആരും പുകച്ചു ചാടിക്കാന്‍ ശ്രമിച്ചില്ലല്ലോയെന്നാണ് ഭൂമി ഇടപാടിനെതിരെ നിലപാട് എടുത്തവരുടെ കൂട്ടത്തിലുളള ഒരു വൈദികന്‍ ഇതിനോട്  പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ