തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെയും ഇന്നുമായി നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നതായി പൊലീസ്. ഐരാണിമുട്ടത്ത് എസ്എഫ്ഐ യുടെ കൊടിമരം തകർത്തതും തുടർന്ന് വീടുകൾക്കെതിരെ ആക്രമണം നടന്നതിനും പിന്നിൽ ആസൂത്രണം നടന്നതായാണ് പൊലീസ് സംശയിക്കുന്നത്.

ഐരാണിമുട്ടത്ത് നടന്ന സംഘർഷത്തിന് പിന്നിൽ തന്നെ വ്യക്തമായ കാരണമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എംജി കോളേജിൽ നടന്ന സംഘട്ടനത്തിന്റെ തുടർച്ചയാണോ ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്നലെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരും ആറ് ബിജെപി പ്രവർത്തകരുമാണ് അറസ്റ്റിലായത്. ഇതുവരെ 34ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ഇന്ന് കൂടുതൽ പേർ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ചവരടക്കം പത്തിലധികം പേരെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കും.

ഐരാണിമുട്ടത്തെ ഹോമിയോ കോളേജിന് മുന്നിലെ എസ്എഫ്ഐ യുടെ കൊടിമരം തകർത്തതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇത് പൊലീസ് ഇടപെട്ട് ഒത്തുതീർത്തെങ്കിലും പിന്നീടും ചെറിയ സംഘർഷം ഉണ്ടായി. ഇതിന് പിന്നാലെ എബിവിപി നേതാവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. ഇതിന് ശേഷം സിപിഎം ചാല ഏരിയ സെക്രട്ടറിയടക്കം നിരവധി സിപിഎം നേതാക്കളുടെയും ജനപ്രതിനിധികളുടെയും വീടിന് നേർക്ക് ആക്രമണം ഉണ്ടായി.

ഈ സമയമായപ്പോഴേക്ക് സംഘർഷത്തിന്റെ നിയന്ത്രണം പൊലീസിന് നഷ്ടമായിരുന്നു. ഇതിന്റെ തുടർച്ചെയെന്നോണമാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേർക്കും ആക്രമണം ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ