തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് സംസ്ഥാനം ശുചീകരണ ദിനം ആചരിക്കുന്നത്. കുടുംബാംഗങ്ങൾ ഒന്നുചേർന്ന് വീടും പരിസരവും വൃത്തിയാക്കണം. ഇന്ന് ഞായറാഴ്‌ചയായതിനാൽ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ദിനം കൂടിയാണ്. ലോക്ക്‌ഡൗണ്‍ നിർദേശങ്ങൾ പാലിച്ചുവേണം ശുചീകരണപ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് സർക്കാർ അറിയിച്ചു.

എല്ലാവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയില്‍ സജീവമായി പങ്കെടുക്കണം. സര്‍ക്കാര്‍ രൂപീകരിച്ച് സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കും.

Read Also: കേരളത്തിൽ ആരാധനാലയങ്ങൾ ഉടൻ തുറന്നേക്കില്ല; ഇളവുകളിൽ സംസ്ഥാന തീരുമാനം നാളെ

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം ശുചീകരണ പ്രവർത്തനങ്ങൾ. പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്‌ച ഡ്രൈ-ഡേ ആയും ആചരിക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകു വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതെല്ലാം ഒഴുക്കിക്കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടെറസ്, പൂച്ചട്ടികള്‍, പരിസരങ്ങളില്‍ അലക്ഷ്യമായി ഇടുന്ന ടയര്‍, കുപ്പികള്‍, ഫ്രിഡ്‌ജിന് പിറകിലെ ട്രേ എന്നിവയിലെ വെള്ളം മുഴുവന്‍ ഒഴിവാക്കണം. റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകളിലെ വെള്ളം ഒഴിവാക്കി അവ കമഴ്‌ത്തിവയ്‌ക്കണം. കോവിഡ്-19 ഭീഷണി നിലനില്‍ക്കുമ്പോള്‍ മഴക്കാല പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: Horoscope of the Week (May 31- April 05 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

അതേസമയം, സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും. യാത്രകൾ അനുവദിക്കില്ല. ആശുപത്രി സേവനമടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ഇന്ന് പുറത്തിറങ്ങാൻ സാധിക്കൂ. പുറത്തിറങ്ങുന്നവർ സത്യവാങ്‌മൂലം തയ്യാറാക്കിവേണം യാത്ര ചെയ്യാൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.