കൊച്ചി: കാരുണ്യ ലോട്ടറി ചികിൽസ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ധനമന്ത്രി കെ.എം.മാണിക്കും വിജിലൻസിന്റെ ക്ലീൻ ചിറ്റ്. ഇരുവർക്കും ക്രമക്കേടിൽ പങ്കില്ലെന്നും അതേസമയം, ഇടനിലക്കാരാണ് ക്രമക്കേട് നടത്തിയതെന്നും വിജിലൻസ് കണ്ടെത്തി. കാരുണ്യ പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാർ ചൂഷണം ചെയ്തതായും വിജിലൻസ് കോടതിയിൽ സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കാരുണ്യലോട്ടറിയുടെ മൊത്തം വരുമാനം ചികിൽസാ സഹായമായി നൽകിയില്ല, പദ്ധതിയുടെ ധനസഹായം കൂടുതൽ അനർഹർക്കാണ് നൽകിയത്, ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ ക്രമക്കേട് നടത്തി തുടങ്ങിയ പരാതികളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. എന്നാൽ ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഉമ്മൻ ചാണ്ടി, കെ.എം.മാണി, ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം, ലോട്ടറി ഡയറക്ടറായിരുന്ന ഹിമാൻഷു കുമാർ എന്നിവർക്കെതിരായിരുന്നു വിജിലൻസിന്റെ അന്വേഷണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ