കൊച്ചി: മൂന്നാറില്‍ കൈയ്യേറ്റത്തിനെതിരെ ധീര നടപടി സ്വീകരിച്ച സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ അധിക്ഷേപിച്ച മന്ത്രി എംഎം മണിക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെ കലക്ടര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേര്‍ രംഗത്തെത്തി.

മതചിഹ്നങ്ങളിരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും അതെല്ലാം പൊളിക്കാൻ ഇറങ്ങിയാൽ സബ് കലക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്നാണ് എംഎം മണിയുടെ പരാമര്‍ശം. ആർ എസ് എസ് പറഞ്ഞിട്ടാണ് കലക്ടർ കുരിശ് പൊളിച്ചത്. ആർ എസ് എസ് ഉപജാപം നടത്തിയാണ് ഇത് ചെയ്തത്. സബ് കലക്ടർ ചെയ്യുന്നത് ഉപജാപപ്രവർത്തനമെന്നും മന്ത്രി ആരോപിച്ചു. ആർ എസ് എസ് കാരായ ഒരുത്തരും വേണ്ടെന്നും മണി വ്യക്തമാക്കി. ഇതിനെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കലക്ടറുടെ സഹപാഠിയായ ഫസല്‍ റഹ്മാന്‍ എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. കൂടെ പഠിച്ച കൂട്ടുകാരന് പത്ത് കല്‍പനകള്‍ എന്ന തലക്കെട്ടോടെയുള്ള കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
Sriram Venkitaraman ന് 5 1/2 വർഷം കൂടെ പഠിച്ച ഒരു കൂട്ടുകാരന്റെ 10 കൽപ്പനകൾ.
കയ്യേറി നാട്ടിയ കുരിശ് നീക്കിയതിൽ സത്യ ക്രിസ്ത്യാനികൾക്കില്ലാത്ത മതവികാരവും പറഞ്ഞ് ഇരട്ടച്ചങ്കനും ഹൃദയപക്ഷവും പ്രതിപക്ഷവും ജോയിന്റ് ആയ ഈ സാഹചര്യത്തിൽ….
#നീപൊളിക്കണ്ടബ്രോ
1. പല കൊമ്പൻമാർ പലതവണ പരാജയപ്പെട്ടതാണ് ഈ മൂന്നാർ ദൗത്യം. നീ അവരേക്കാൾ മുന്തിയ ഇനം ഇടഞ്ഞ കൊമ്പനാണെന്നറിയാം.പക്ഷെ ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടികേറ്റിക്കളിച്ച് നല്ല പരിചയമുള്ളവരാണ് നിന്റെ മുകളിൽ കസേരയിട്ടിരിക്കുന്നതെന്ന് നീ ഓർക്കണം.
2.All india ലെവലിൽ 2nd റാങ്ക് നേടിയിട്ടും, ചങ്ക് പറിച്ച് കൊടുത്താലും ചെമ്പരത്തിയെന്ന് പറഞ്ഞ് ക്രൂശിക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തിൽ തായം കളിക്കാൻ, സിവിൽ സർവീസിന്റെ കേരള കേഡർ തന്നെ തെരഞ്ഞെടുത്ത അബദ്ധത്തെ നീ ഇടക്കിടക്ക് ഓർത്തെടുക്കണം.
3.MBBS ഉം PG യും (അതുംMD general medicine) കഴിഞ്ഞാൽ നിനക്ക് കിട്ടേണ്ടിയിരുന്ന ശമ്പളത്തിന്റെ നാലിലൊന്നിനാണ് നീജോലി ചെയ്യുന്നത്. അപ്പോ ശമ്പളം നൽകുന്നവർ ആഗ്രഹിക്കുന്നതിലുമപ്പുറം ആത്മാർത്ഥത കൊടുത്ത് നീ അവരെ വട്ടം കറക്കരുത്.
4.Srearamvenkitaraman എന്ന ഈ സവർണ്ണ ഹിന്ദു പേരും വെച്ച് വല്ല ഹിന്ദു പ്രതിഷ്ഠയോ ഭണ്ഡാരമോ അല്ലാതെ മുസ്ലിം ജാറമോ ക്രിസ്ത്യൻ കുരിശോ തൊടാൻ പോലുമുള്ള അവകാശം തരാനും മാത്രം വളർന്നിട്ടില്ല കേരളത്തിന്റെ മതേതര പൊതുബോധം ഇപ്പോഴും.
5. കോളേജ് ടീമിലെ ഇടങ്കൈയ്യൻ ഫാസ്റ്റ് ബൗളർ ആയിരുന്നപ്പോഴുള്ള ഏറ്റവും മികച്ച വിക്കറ്റ് തന്നെ വേണം, അതും ബൗൾഡ് ആക്കണം എന്ന മോഹങ്ങളൊക്കെ മാറ്റിവെച്ച് സ്വാതന്ത്ര്യ സമര സേനാനിക്ക് പെൻഷൻ കൊടുക്കുക, വിശക്കുന്നവനൊരു സുലൈമാനി, കുളം നന്നാക്കിയാൽ ബിരിയാണി തുടങ്ങിയ കൈയ്യടി മാത്രം കിട്ടുന്ന ഐറ്റങ്ങളിൽ കൂടി നീ ശ്രദ്ധിക്കണം.
6. കക്കാൻ പഠിച്ചാൽ പോര നിൽക്കാനും പഠിക്കണം എന്നൊരു ചൊല്ലുണ്ട്. ജീവൻ പോയാലും നീ കക്കില്ലെന്നറിയാം.പക്ഷെ കട്ടിട്ടില്ലെങ്കിലും നിൽക്കാൻ പഠിക്കണം എന്ന ഒരു പുതു ചൊല്ല് കൂടി മനസിൽ വെക്കണം.
7. നമ്മുടെ ബാച്ചിലെ 200 ൽ 190 പേരും കല്യാണമൊക്കെ കഴിച്ച് കുട്ടികളുമായി സമാധാനത്തോടെ ജീവിക്കുമ്പോൾ നീ മാത്രമിങ്ങനെ most eligible bacheor ആയി സുഖിച്ച് ജീവിക്കാതെ ഒരു കല്യാണമങ്ങ് കഴിച്ചേക്കണം. അപ്പോ നാട് നന്നാക്കിയേ അടങ്ങൂ എന്ന ആവേശമൊക്കെ താനെ കെട്ടടങ്ങിക്കോളും.
8.പൊളിക്ക് ബ്രോ എന്ന് ഹാഷ് ടാഗിടുന്ന ഞാനടക്കമുള്ള അഭ്യുദയകാംക്ഷികളുടെ പ്രലോഭനങ്ങളിൽ നീ വീഴില്ലെന്നറിയാമെങ്കിലും
ഇതിലും നല്ല വിഷയം കിട്ടിയാൽ ഞങ്ങ ഞങ്ങടെ വഴിക്ക് എപ്പ പോയെന്ന് ചോദിച്ചാൽ മതി.
9. കൈയ്യൊടിക്കും കാലൊടിക്കും എന്ന് നാലാംകിട രാഷ്ട്രീയക്കാരെപ്പോലെ ഭീഷണിപ്പെടുത്തുന്ന പൊളിറ്റിക്കൽ പിമ്പുകളോട്, ഹോസ്റ്റൽ മുറിയിലെ ആ പഴയ കൈലി മുണ്ടിനെ മനസ്സിൽ ധ്യാനിച്ച്, “ഇനിയും ചൊറിയാൻ വന്നാൽ ആണുങ്ങളെപ്പോലെ ദാ ഇങ്ങനെ മുണ്ട് മാടിക്കുത്താനുമറിയാം ഈ ജോസഫ് അലക്സിന് ” എന്നങ്ങ് കാച്ചി വിട്ടേക്ക്.
10. നിന്നെപ്പോലെ ആത്മാർത്ഥതയും ആവേശവും ആർജ്ജവവും ചങ്കൂറ്റവും ഉള്ള ഒരു ഓഫീസറെ സിനിമയിൽ കാണുമ്പോൾ കൈയ്യടിക്കാനും ആർപ്പുവിളിക്കാനുമല്ലാതെ ഈ കേരള ജനത അർഹിക്കുന്നില്ല ബ്രോ.
അത് കൊണ്ട് തന്നെ
#ഇനിനീപൊളിക്കണ്ടബ്രോ
സസ്നേഹം അബൂദാബിയിൽ നിന്നൊരു കൂട്ടുകാരൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.