കാസര്‍കോട്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍കോട് പെരിയയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഘർഷത്തിന് തുടക്കം. പെരിയ ഇരട്ടക്കൊലപാതകത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്.

ബോംബേറിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കല്യോട്ട് ടൗണിൽ ഇന്ന് രാവിലെ മുതൽ കോൺഗ്രസ് ഹർത്താൽ നടത്തുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കല്യോട്ട് കുമ്പളയിലെ ദീപുവിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ബോംബേറുണ്ടായത്. രണ്ടുതവണ ബോംബുകൾ എറിഞ്ഞതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്താണ് ദീപു. വീടിന്റെ ചുമരിൽ ആണ് ബോംബുകൾ പതിച്ചത്. ജനൽ ഗ്ലാസുകളും പൈപ്പുകളും പൊട്ടിയിട്ടുണ്ട്.

ഇതിന് പിന്നാലെ സിപിഎം പ്രവർത്തകനും കല്യോട്ട് ടൗണിലെ വ്യാപാരിയുമായ വത്സരാജിന്റെ വീടിനും വാഹനങ്ങൾക്കും നേരെ ഒരു സംഘം ആക്രമണം നടത്തി. വീട് പൂർണ്ണമായി അടിച്ചു തകർത്തു. സംഘർഷമുണ്ടായ കല്യോട്ട് പ്രദേശത്ത് പൊലീസ് കാവൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.