തിരുവനന്തപുരം: ഡപ്യൂട്ടി കലക്ടറോട് അപമര്യാദയായി പെരുമാറിയതിന് സി.കെ.ഹരീന്ദ്രൻ എംഎൽഎ ക്ഷമ ചോദിച്ചു. കലക്ടറോട് പറഞ്ഞ ഏതെങ്കിലും വാക്കുകൾ മോശമായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും കലക്ടറെ നേരിൽ കണ്ട് സംസാരിക്കുമെന്നും ഹരീന്ദ്രൻ എംഎൽഎ മനോരമ ന്യൂസിനോട് പറഞ്ഞു. ഡപ്യൂട്ടി കലക്ടറെ ജനരോഷത്തില്‍ നിന്ന് രക്ഷിക്കാനായിരുന്നു തന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡപ്യൂട്ടി കലക്ടർ എസ്.കെ.വിജയയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ എംഎൽഎയെ ഫോണിൽ വിളിച്ച് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തിൽ എംഎൽഎ പ്രതികരിച്ചത്.


(വിഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്)

തിരുവനന്തപുരം മാരായമുട്ടത്ത് പാറമട അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി നാട്ടുകാര്‍ നടത്തിയ റോഡുപരോധം ഒത്തുതീര്‍ക്കാന്‍ എംഎൽഎ എത്തിയപ്പോഴാണ് ഡപ്യൂട്ടി കലക്ടറോട് അപമര്യാദയായി പെരുമാറിയത്. ദുരന്തത്തില്‍ മരിച്ചവര്‍ക്കുളള നഷ്ടപരിഹാരം ക്വാറി ഉടമകളുമായി സംസാരിച്ച് വാങ്ങി നല്‍കാമെന്ന് ഡപ്യൂട്ടി കലക്ടര്‍ പറഞ്ഞതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. ‘നിന്നെ ആരാടീ ഇങ്ങോട്ട് എടുത്തത്’ എന്നായിരുന്നു ഡപ്യൂട്ടി കലക്ടര്‍ എസ്.കെ.വിജയയോട് എംഎൽഎ ചോദിച്ചത്. ഒടുവിൽ ഒപ്പമുണ്ടായിരുന്നവർ ഇടപെട്ടാണ് എംഎല്‍എയെ ശാന്തനാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ