കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന് കോടതിയുടെ വിമർശനം. നാല് മാസം അന്വേഷിച്ചിട്ടും തെളിവുകൾ കിട്ടിയില്ലേയെന്ന് കോടതി ആരാഞ്ഞു. ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവെയായിരുന്നു പ്രത്യേക സാമ്പത്തിക കോടതിയുടെ ചോദ്യങ്ങൾ. കള്ളക്കടത്തിൽ ശിവശങ്കറിന്റെ പങ്ക് എന്തെന്ന് കസ്റ്റംസ് പറയുന്നില്ലന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന കസ്റ്റംസിന്റെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
ശിവശങ്കറിനെ എന്തിന് കസ്റ്റഡിയിൽ വേണമെന്ന കാര്യത്തിൽ കസ്റ്റംസിന് വ്യക്തതയില്ലന്നും കോടതി അഭിപ്രായപ്പെട്ടു. ശിവശങ്കറിനെ പേടിയാണോ എന്ന് കസ്റ്റംസിനോട് കോടതി ചോദിച്ചു. പതിനൊന്നാം മണിക്കൂറിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ എന്ത് തെളിവാണ് കിട്ടിയത്.
ശിവശങ്കറിന്റെ ഔദ്യോഗിക പദവികളെ കുറിച്ചോ, പ്രതികളുമായുള്ള ബന്ധത്തെ കുറിച്ചോ കസ്റ്റഡി അപേക്ഷയിൽ പറയുന്നില്ല. ശിവശങ്കറിന്റെ ഉന്നത പദവികളെ കുറിച്ച് കസ്റ്റംസ് എന്ത് കൊണ്ട് മൗനം പാലിക്കുന്നു. കോടതി രേഖയിലൊന്നും കസ്റ്റംസ് ഇത് പറയുന്നില്ല. മാധവൻ നായരുടെ മകൻ ശിവശങ്കർ എന്ന് മാത്രമാണ് പറയുന്നത്. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. എങ്കിലും ശിവശങ്കറിനെതിരെ ആരോപിക്കുന്ന കുറ്റം ഗൗരവം ഉള്ളതാണന്നും കുറ്റകൃത്യം നടന്നപ്പോൾ ശിവശങ്കർ ഉന്നത പദവി വഹിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി.
ഒന്‍പത് തവണ ചോദ്യം ചെയ്തതായി ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ ഒന്‍പത് തവണ ചോദ്യം ചെയ്തിട്ടും കസ്റ്റംസിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് ശിവശങ്കറിന്റെ പദവികളെക്കുറിച്ച് കോടതി ചോദിച്ചത്.
ശിവശങ്കറിനെ 5 ദിവസം കോടതി കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു. ഡോളർ കടത്ത് കേസിൽ സരിത്ത്, സ്വപ്ന സുരേഷ് എന്നിവരെയും കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത് ഡോളർ കടത്ത് കേസ് കേട്ട് കേൾവിയില്ലാത്തതെന്നും കോടതി പരാമർശിച്ചു.
Read More: സ്വർണക്കടത്ത് കേസ്: കസ്റ്റംസ് എം.ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കൂടുതൽ ചോദ്യം ചെയ്യും