കൊച്ചി: മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ വിചാരണത്തടവുകാരനായി കഴിയുന്ന ഇബ്രാഹിമിനു മതിയായ ചികിത്സയും ഉടന്‍ ജാമ്യവും നല്‍കണമെന്നു സാമൂഹ്യപ്രവര്‍ത്തകര്‍. ആറു വര്‍ഷത്തിലധികമായി പരോള്‍ പോലും ലഭിക്കാതെ വിചാരണത്തടവുകാരനായി കഴിയുന്ന ഇബ്രാഹിമിന്റെ ആരോഗ്യനില അത്യന്തം ഉത്കണ്ഠയുളവാക്കുന്നതാണെന്ന് അവര്‍ സംയുക്തപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
”അറുപത്തിയേഴുകാരനായ ഇബ്രാഹിമിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യപരിപാലത്തിനു പ്രത്യേക കരുതല്‍ വേണമെന്നായിരുന്നു ചികിത്സിക്കുകയും ചെയ്ത ഡോക്ടര്‍മാരുടെ അഭിപ്രായം. രക്തത്തിലെ പഞ്ചസാരയുടെ ലെവല്‍ 452 എന്ന നിലയില്‍ ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നതും അടിക്കടിയുള്ള നെഞ്ചുവേദനയും രക്തധമനികളില്‍ വീണ്ടും ബ്ലോക്കുണ്ടാവുന്നതിനുള്ള സാധ്യതകളുടെ ശക്തമായ ലക്ഷണങ്ങളായി ചില സ്വകാര്യ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിരുന്നു. രണ്ടു തവണ ഹൃദയാഘാതമുണ്ടായ വ്യക്തിയെന്ന നിലയില്‍ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തികച്ചും ആശങ്കാജനകമാണ്. ആന്‍ജിയോഗ്രാം ചെയ്യുന്നതാണ് ബ്ലോക്കിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗ്ഗം. അതിനു തയാറാകാതെ ബുധനാഴ്ചയോടെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്,” പ്രസ്താവനയില്‍ പറയുന്നു.
കടുത്ത പ്രമേഹവും ഹൃദ്രോഗവും അലട്ടുന്ന ഇബ്രാഹിമിനു മിനിമം നിലയിലെങ്കിലും ആവശ്യമായ വിദഗ്ധ ചികിത്സയും പരിചരണവും നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. സാധാരണഗതിയില്‍ ജാമ്യം ലഭിക്കേണ്ടുന്ന കുറ്റാരോപണങ്ങള്‍ മാത്രം നേരിടുന്ന ഇബ്രാഹിം ആറു വര്‍ഷത്തിലധികമായി വിചാരണത്തടവുകാരനായി കഴിയാനുള്ള കാരണം യുഎപിഎയിലെ സാങ്കേതികമായ കഠിന വ്യവസ്ഥകളാണ്.
സര്‍ക്കാരിന്റെ, പ്രത്യേകിച്ച് ജയില്‍ അധികൃകതരുടെയും ഭാഗത്തുനിന്നുള്ള മനുഷ്യാവകാശ ലംഘനമാണ് ഇബ്രാഹിമിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. സമത്വവാദിയായ ഒരു പൗരന്റെ കാര്യത്തില്‍ സംഭവിക്കുന്ന നിരന്തരമായ ഈ മനുഷ്യാവകാശ നിഷേധം ഇടതുപക്ഷ സര്‍ക്കാരിന് ഒട്ടും യോജിക്കുന്നതല്ലെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
റിട്ട: ജസ്റ്റിസ് ഷംസുദ്ധീന്‍, ബി ആര്‍ പി ഭാസ്‌കര്‍, സച്ചിദാനന്ദന്‍, കെ ജി ശങ്കരപ്പിള്ള, കെ കെ രമ എം എല്‍ എ, ജെ ദേവിക, മീന കന്തസ്വാമി, ബി രാജീവന്‍, എം എന്‍ രാവുണ്ണി തുടങ്ങിയവരാണു പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.