തിരുവനന്തപുരം: അഭിമാനമായി ശ്രീധന്യ. കുറിച്യ വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യ വ്യക്തിയായാണ് ശ്രീധന്യ എന്ന വയനാട്ടുകാരി നാടിന് അഭിമാനമായി മാറിയത്. വയനാട് പൊഴുതന ഇടിയംവയല്‍ സ്വദേശിയാണ് ശ്രീധന്യ. തന്റെ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ നേരിട്ട് അറിയുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ നന്നായി കാര്യങ്ങള്‍ ചെയ്യാനാകുമെന്നും ശ്രീധന്യ പറയുന്നു. സുരേഷ്- കമല ദമ്പതികളുടെ മകളാണ്.
സിവില്‍ സര്‍വ്വീസ് എന്ന മോഹത്തിലേക്ക് താന്‍ എത്തിയതിന് പിന്നില്‍ 2016 ലുണ്ടായ ഒരു സംഭവമാണെന്നാണ് ശ്രീധന്യ പറയുന്നത്. അന്ന് പഠനം പൂര്‍ത്തിയാക്കിയ ശ്രീധന്യ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയായിരുന്നു. ഒരു പരുപാടിക്കിടെ, അന്നത്തെ മാനനന്തവാടി സബ്ബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവ റാവു എത്തുകയുണ്ടായി. അദ്ദേഹത്തിന് ലഭിച്ച സ്വീകരണവും ആദരവുമാണ് തന്റെ ഉളളില്‍ ഐഎഎസ് എന്ന സ്പാര്‍ക്ക് ഇട്ടതെന്ന് ശ്രീധന്യ പറയുന്നു.
ശ്രീധന്യയുടെ നേട്ടത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ”സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങള്‍. ഗോത്ര വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികള്‍ക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ എല്ലാവിധ ആശംസകളും. ഉയര്‍ന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അനുമോദനങ്ങള്‍” മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2018 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കനിഷക് കഠാരിയയാണ് ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയത്. മുംബൈ ഐഐടിയിലെ ബിടെക് വിദ്യാര്‍ഥിയാണ് കനിഷക്.അക്ഷത് ജയിന്‍ രണ്ടാം റാങ്കും ജുനൈദ് അഹമ്മദ് മൂന്നാം റാങ്കും കരസ്ഥമാക്കി.തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി റാം ആണ്29ാം റാങ്ക് സ്വന്തമാക്കി മലയാളികളുടെ അഭിമാനമയി.മലയാളികളായ രഞ്ജിന മേരി വര്‍ഗീസ് 49-ാം റാങ്കും അര്‍ജുന്‍ മോഹന്‍ 66-ാം റാങ്കും കരസ്ഥമാക്കി.
ആദ്യ ഇരുപത്തിയഞ്ച് സ്ഥാനങ്ങളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്.577 ആണ്‍കുട്ടികളും 182 പെണ്‍കുട്ടികളും ഉള്‍പ്പെടെ759 പേരാണ് ഇത്തവണ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.