തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വാഗ്‌ദാനം നല്‍കിയതായി വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. ഇ.ഡി. കസ്റ്റഡിയിലിരുന്നപ്പോള്‍ സ്വപ്‌നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെ മൊഴിയാണ് പുറത്തുവന്നത്. സ്വപ്‌നയുടെ ശബ്‌ദരേഖ ചോർന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് റെജിമോള്‍ മൊഴി നല്‍കിയത്.

ഓഗസ്റ്റ് 13ന് രാത്രി സ്വപ്‌നയെ ഇ.ഡി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്‌നയോട് ഇ.ഡി.ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ലോക്കറില്‍ നിന്ന് കിട്ടിയ തുക ശിവശങ്കര്‍ നല്‍കിയതാണെന്നും, ആ തുക മുഖ്യമന്ത്രിയാണ് ശിവശങ്കറിന് നൽകിയതെന്നും മൊഴി നൽകിയാൽ സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി.ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റെജിമോളുടെ മൊഴി. ഇ.ഡി. ഡിവെെഎസ്‌പി രാധാകൃഷ്‌ണനാണ് സ്വപ്‌നയ്‌ക്കുമേൽ സമ്മർദം ചെലുത്തിയതെന്നും റെജിമോളുടെ മൊഴിയിൽ പറയുന്നു. ചോദ്യം ചെയ്‌ത മേല്‍ ദിവസങ്ങളില്‍ ചോദ്യം ചെയ്‌തതിനു ശേഷം മൊഴി സ്‌ക്രോള്‍ ചെയ്‌തുവിടുന്ന സമയം വ്യക്തമായി വായിച്ചില്ലെന്ന് സ്വപ്‌ന പറയാറുണ്ടെന്നും റെജിമോൾ പറയുന്നു.

Read Also: ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാടില്ല, പഴയ എബിവിപിക്കാരൻ: പി.ജയരാജൻ

യുഎഇ കോൺസുലേറ്റ് വഴി നടന്ന നിയമവിരുദ്ധമായ ഇടപാടുകളിൽ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനും പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. സ്വർണക്കടത്ത്/ഡോളർ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സത്യവാങ്മൂലത്തിൽ അറിയിച്ചത്.

എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വപ്‌നയുടെ മൊഴിയെന്ന പേരിൽ കസ്റ്റംസ് ഹെെക്കോടതിയിൽ നൽകിയ സത്യവാങ്മൂലം രാഷ്ട്രീയ പ്രേരിതമെന്നാണ് സർക്കാരും സിപിഎമ്മും ആരോപിച്ചത്. കസ്റ്റംസിനെതിരെ രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചത്. സ്വർണക്കടത്തിനെ കുറിച്ച് ഇതുവരെ വ്യക്തമായ അന്വേഷണം നടന്നിട്ടില്ല. ആരാണ് സ്വർണം കടത്തിയത്, ആർക്ക് വേണ്ടിയാണ് കടത്തിയത്, ആരൊക്കെയാണ് കടത്തിയവർ തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊന്നും ഇതുവരെ വ്യക്തമായ അന്വേഷണം നടക്കുകയോ കുറ്റക്കാരെ കണ്ടെത്തുകയോ അന്വേഷണ ഏജൻസികൾ ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശനമുന്നയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.