കോഴിക്കോട്: പീഡനക്കേസില്‍ പ്രതിയായ എഴുത്തുകാരന് സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലും സെഷന്‍സ് കോടതിയുടെ വിചിത്ര ന്യായീകരണം. ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ് സി/എസ് ടി ആക്ട് നിലനിൽക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
എസ് സി/എസ് ടി വഭാഗത്തില്‍ ഉള്‍പ്പെട്ടയാളാണ് യുവതിയെന്ന അറിവോടയല്ല അതിക്രമം നടന്നത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്, ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശിൽപികൾ ഉൾപ്പെടെ ലക്ഷ്യം വച്ചിരുന്നതതെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അധ്യാപികയും എഴുത്തുകാരിയുമായ യുവതിയുടെ പരാതിയിലായിരുന്നു സിവിക്കിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിവിക്കിനെതിരായ മറ്റൊരു പീഡന പരാതിയിലെ ജാമ്യ ഉത്തരവില്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ ഇന്നലെ വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു.
പെണ്‍കുട്ടി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ സിവിക്കിനെതിരായ പീഡനക്കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 354 എ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം നിലനില്‍ക്കില്ലെന്നായിരുന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കുമെന്ന് ഇരയായ യുവതി പ്രതികരിച്ചിരുന്നു.
ജാമ്യാപേക്ഷയ്ക്കൊപ്പം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രങ്ങളും സിവിക് ചന്ദ്രന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
“പ്രതിയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം ഹാജരാക്കിയ ഫോട്ടോകൾ, പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതായി വെളിപ്പെടുത്തുന്നതാണ്. അതിനാൽ സെക്ഷൻ 354 എ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ നിലകൊള്ളില്ല,” കോടതി പറഞ്ഞതായി ലൈവ് ലൊ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതി നിരീക്ഷണത്തെ വനിത കമ്മിഷനും വിമര്‍ശിച്ചു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ കോടതി സാധൂകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് വനിത കമ്മിഷന് അധ്യക്ഷ പി.സതീദേവി പറഞ്ഞു. അതിജീവിതയുടെ വസ്ത്രധാരണത്തിന്റെ പേരില്‍ ആരോപണവിധേയന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് നിര്‍ഭാഗ്യകരമാണെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.