മൂവാറ്റുപുഴ: വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് പേഴയ്ക്കാപ്പിള്ളിയില്‍ കുട്ടികള്‍ മാത്രമുള്ളപ്പോള്‍ വീട് ജപ്തി ചെയ്ത സംഭവത്തിലെ സിഐടിയും ഇടപെടല്‍ തള്ളി വീട്ടുടമയായ അജേഷ്. “വായ്പ തിരിച്ചടയ്ക്കാമെന്ന കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ വാഗ്ദാനം നിരസിക്കുകയാണ്. അവരെന്നെ പലതവണ നാണം കെടുത്തി. ബാങ്കില്‍ ചെന്നപ്പോഴെല്ലാം ഒരു ദയയും കാണിച്ചില്ല. ആ പണം എനിക്ക് വേണ്ട,” അജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
“അന്ന് എന്നോട് ദയ കാണിച്ചിരുന്നെങ്കില്‍ എനിക്ക് നാണക്കേടുണ്ടാകില്ലായിരുന്നു. എന്റെ ഭാര്യയും മക്കളുമെല്ലാം നാണം കെട്ടു. കടം എടുത്ത് മുങ്ങി നടക്കുന്നയാളെ പോലെയാണ് എന്നെ ചിത്രീകരിച്ചത്. മാത്യു കുഴല്‍നാടന്‍ എന്നോട് സംസാരിച്ചിരുന്നു. കടബാധ്യതയെല്ലാം തീര്‍ക്കാമെന്നും മക്കളുടെ പഠിപ്പിനും എന്റെ ചികിത്സയ്ക്കുമുള്ള സഹായം ചെയ്യാമെന്നും പറഞ്ഞിരുന്നു,” അജേഷ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു അജേഷും ഭാര്യയും വീട്ടിലില്ലാത്ത സമയത്ത് സഹകരണ ബാങ്ക് ജീവനക്കാരെത്തി ജപ്തി നടപടികള്‍ സ്വീകരിച്ചത്. സംഭവം വിവാദമായതോടെയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്ഥലത്തെത്തി ബാങ്ക് ജീവനക്കാരോട് സംസാരിച്ചത്. എന്നാല്‍ വീട് തുറന്ന് കൊടുക്കാന്‍ ജീവനക്കാര്‍ തയാറായില്ല. തുടര്‍ന്ന് എംഎല്‍എ വീടിന്റെ പൂട്ട് പൊളിച്ച് തുറക്കുകയായിരുന്നു. വായ്പ അടയ്ക്കാമെന്നുള്ള ഉറപ്പും എംഎല്‍എ നല്‍കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സിഐടിയുവിന്റെ അപ്രതീക്ഷിത ഇടപെടല്‍ ഉണ്ടാകുന്നത്. കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ വായ്പ തുക തിരിച്ചടച്ചെന്ന് ബാങ്ക് മേധാവി ഗോപി കോട്ടമുറിയ്ക്കല്‍ അറിയിക്കുകയായിരുന്നു. ഒന്നരലക്ഷം രൂപയോളമാണ് അജേഷിന് അടച്ച് തീര്‍ക്കാന്‍ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
Also Read: ബന്ധുക്കൾക്കൊപ്പം പുഴയിലെത്തിയ നവദമ്പതികൾ ഒഴുക്കില്‍പ്പെട്ടു; വരന്‍ മരിച്ചു, ഭാര്യ ആശുപത്രിയിൽ