കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത നേതാവിനെ സി ഐ ടി യു പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. പിന്നീട് പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ചെന്ന എസ് ഐ മാരായ ബാബുരാജ്, പ്രകാശ് എന്നിവരെ മര്‍ദ്ദിക്കുകയും ചെയ്തു.
റിയാസ് എന്ന സിഐടിയു നേതാവും ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ റിയാസ് മർദിച്ചു. ഇത് സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥൻ കസബ പോലീസിൽ പരാതി നൽകി. തുടര്‍ന്ന് പൊലീസ് റിയാസിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ സിഐടിയു പ്രവർത്തകർ കൂട്ടമായെത്തി പോലീസിനെ ആക്രമിച്ച് റിയാസിനെ മോചിപ്പിക്കുകയായിരുന്നു.
സിഐടിയു പ്രവർത്തകരുടെ മർദനമേറ്റ എസ്ഐ പ്രകാശനും മൂന്നു പോലീസുകാരും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേർ ഒളിവിലാണ്.