കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയോട് വിയോജിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമത്തെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും കേന്ദ്ര നിയമം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന പൗരത്വ ബില്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് ഗവര്‍ണറുടെ പ്രസ്താവന.

പൗരത്വ നിയമ ഭേദഗതി ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ലെന്നാണ് ഗവർണറുടെ നിലപാട്. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്ക് രാഷ്ട്രീയ തീരുമാനങ്ങളിലൂടെ എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി ഇവെട കോടതിയുണ്ട്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ഗവർണർ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ നിലപാടിനെ കുറിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണെന്നും ഗവർണർ മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

Read Also: എനിക്കിഷ്ടമുള്ള ചിത്രങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യും; സദാചാരവാദികള്‍ക്ക് കലക്കന്‍ മറുപടിയുമായി മീര

നിയമത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് എന്തും നടപ്പിലാക്കാമെന്ന ഹുങ്ക് നല്ലതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഭരണഘടനാ ധ്വംസനത്തിലേക്കുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. രാജ്യം കടുത്ത പ്രതിഷേധങ്ങളുടെ ചൂട് അറിഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാ ജനങ്ങളും ഒത്തുചേര്‍ന്നുള്ള പ്രതിഷേധമാണ് ആവശ്യം. കേരളത്തിലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അത്തരക്കാരോട് ഒന്നേ പറയാനൂള്ളൂ, വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പൗരത്വ ഭേദഗതി ബില്‍ ഇവിടെ നടപ്പിലാക്കാമെന്ന് വിചാരിക്കേണ്ട. മതനിരപേക്ഷ ഇല്ലാതാക്കുകയാണ് അത്തരക്കാരുടെ ലക്ഷ്യം. മതാടിസ്ഥാനത്തില്‍ ആളുകളെ തിരിക്കുന്നതിനെ എതിര്‍ക്കും” പിണറായി വിജയന്‍ പറഞ്ഞു.

Read Also: പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം പുകയുന്നു, മരണസംഖ്യ നാലായി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെയും പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്‌ദരാക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റേത് കരിനിയമമാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.