തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല. കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനോട് സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാരുമായി യോജിച്ചുള്ള സമരത്തോട് നേരത്തെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ നേതാവാണ് മുല്ലപ്പള്ളി. സര്‍ക്കാരുമായി യോജിച്ചുള്ള പരിപാടികള്‍ താല്‍പര്യമില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

Read Also: Horoscope Today December 28, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് സർക്കാരും പ്രതിപക്ഷവും ഒന്നിച്ചുള്ള സമരപരിപാടികൾ നടത്തുന്നതിനോട് യുഡിഎഫിനുള്ളിൽ തന്നെ രണ്ട് അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷനാണ് ഒന്നിച്ചുള്ള പ്രതിഷേധത്തെ അതിശക്തമായി എതിർത്തത്. സിപിഎമ്മും പിണറായി വിജയനുമായി യോജിച്ച് ഒരു പ്രതിഷേധ പരിപാടിക്കും ഇല്ല എന്നതാണ് കെപിസിസി നിലപാടെന്ന് മുല്ലപ്പള്ളി തുറന്നടിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി സെക്രട്ടറി ഉമ്മൻചാണ്ടിയും ഇതിനെതിരാണ്.

Read Also: വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ കണ്ട സന്തോഷത്തിൽ മഞ്ജു വാര്യർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഒന്നിച്ച് നടത്തിയ സമരം തെറ്റല്ലെന്നും കൂട്ടായ സമരങ്ങളും നടക്കണമെന്നും മുസ്‍ലിം ലീഗ് നേതാവ് എം.കെ.മുനീര്‍ പറഞ്ഞിരുന്നു. ഒരുമിച്ചു സമരങ്ങൾ നടത്തുന്നതിൽ തെറ്റില്ല. ഭരണപക്ഷത്തോടൊപ്പം നടത്തിയ സംയുക്ത സമരം തെറ്റാണെന്ന അഭിപ്രായമില്ലെന്നും മുനീർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മുമായി സഹകരിച്ചുകൊണ്ടുള്ള സമരത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മുനീറിന്റെ അഭിപ്രായം.

Read Also: സിനിമക്കാരുടെ ലഹരി ഉപയോഗം: തെളിവില്ലാത്ത ആരോപണമെന്ന് ഋഷിരാജ് സിങ്

മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം നാളെയാണ്. ബിജെപി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് വലിയ പ്രതിഷേധ പരിപാടികൾ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ജനുവരി 26 ന് മനുഷ്യച്ചങ്ങല നടത്തുന്നുണ്ട്. ഇതിലേക്ക് കോൺഗ്രസിനെയും സിപിഎം സ്വാഗതം ചെയ്യുന്നു.

ഭരണഘടനാ സംരക്ഷണ സമിതിക്ക് രൂപം നൽകാനുള്ള ആലോചനകളും സർക്കാർ നടത്തുന്നുണ്ട്. നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടന സംരക്ഷണ സമിതി ആരംഭിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇങ്ങനെയൊരു ആശയം ഉരുതിരിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആശയം മുന്നോട്ടുവച്ചത്. സര്‍വകക്ഷിയോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കും. പ്രതിപക്ഷവും ഇതിനെ പിന്തുണച്ചാല്‍ തുടർനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.