തിരുവനന്തപുരം: ന്യൂഡൽഹി ജാമിയ മിലിയ സർവ്വകലാശാലയിൽ പോലീസ് നടത്തിയ വെടിവെപ്പിൽ പ്രതിഷേധിച്ച് കേരളത്തിലും യുവജന പ്രക്ഷോഭങ്ങൾ. ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി രാജ്ഭവനിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. രാത്രി 11.30-ഓടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

പ്രതിഷേധ മാർച്ചിലേക്ക് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാജ് ഭവന് മുന്നിലെ ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ അകത്ത് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഡിവൈഎഫ്‌ഐ മാര്‍ച്ചിന് പിന്നാലെ കെ.എസ്.യു. പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കെഎസ്‌യു പ്രവർത്തകരുടെ മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Read More: കസ്റ്റഡിയിലെടുത്ത ജാമിയ മിലിയ വിദ്യാർത്ഥികളെ വിട്ടയച്ചു; ശാന്തമാകാതെ രാജ്യം

കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു. ജില്ലാ സെക്രട്ടറി വസീഫിന്‍റെ നേതൃത്വത്തിൽ മലബാർ എക്സ്പ്രസാണ് തടഞ്ഞത്. ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിദ്യാര്‍ഥി, യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ സംയുക്ത പ്രക്ഷോഭം ഇന്ന് നടക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10 മണി മുതൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവർ സത്യാഗ്രഹമിരിക്കും.

ജാമിയ മിലിയ സർവ്വകലാശാലയിൽ പോലീസ് നടത്തിയ വെടിവെപ്പിൽ പ്രതിഷേധിച്ചാണ് കേരളത്തിലെ യുവജന പ്രക്ഷോഭങ്ങൾ. രാജ്യതലസ്ഥാനത്തെ അക്ഷരാർഥത്തിൽ യുദ്ധക്കളമാക്കിയ പ്രക്ഷോഭങ്ങൾ​ അരങ്ങേറിയത് ഇന്നലെ വൈകുന്നേരമായിരുന്നു. കോളേജ് ക്യാമ്പസിനകത്തേക്ക് പ്രവേശിച്ച പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലൈബ്രറിയിൽ നിന്നും പള്ളിയിൽ നിന്നും വലിച്ചിഴച്ച് ആക്രമിക്കുകയും ചെയ്തു. പ്രക്ഷോഭത്തിൽ നിരവധി പൊലീസുകാർക്കും വിദ്യാർഥികൾക്കും അഗ്നിശമന സേനാംഗങ്ങൾക്കും പരുക്കേറ്റു.

അതേസമയം പ്രധാന പ്രതിഷേധ കേന്ദ്രമായ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത അൻപതോളം വിദ്യാർഥികളെ പൊലീസ് ഇന്ന് പുലർച്ചെ വിട്ടയച്ചു. ഇവരിൽ 35 പേരെ കൽക്കാജി പോലീസ് സ്റ്റേഷനും ബാക്കി 15 പേരെ ന്യൂ ഫ്രണ്ട്സ് കോളനിയിൽ നിന്നും വിട്ടയച്ചു.

തെക്കൻ ദില്ലിയിലെ ചില ഭാഗങ്ങളിൽ നിയമത്തിനെതിരായ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് പോലീസ് നടപടി. മഥുര റോഡ്, ന്യൂ ഫ്രണ്ട്സ് കോളനി, ജാമിയ നഗർ, സരായ് ജുലീന എന്നിവിടങ്ങളിൽ ആയിരത്തിലധികം പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. കുറഞ്ഞത് ആറ് ബസുകളും 50 ഓളം വാഹനങ്ങളും കത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook