തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ വിമര്‍ശനവുമായി സിപിഎം. ഭരണഘടനയുടെ അന്തസത്തയ്ക്കു നിരക്കാത്ത ജല്‍പ്പനങ്ങളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറയുന്നു.

നിയമസഭ പാസാക്കിയ പ്രമേയം നിയമ വിരുദ്ധമാണെന്നാണ് ഗവർണർ പറയുന്നത്. ഏതു നിയമത്തിന്റെ ലംഘനമാണ്‌ നിയമസഭ നടത്തിയതെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ഗവർണർക്ക് സാധിക്കുമോ എന്ന് സിപിഎം വെല്ലുവിളിക്കുന്നു. ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണ്‌ ഗവർണർ നിയമസഭാ നടപടിയെ വിമര്‍ശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Read Also: ആദ്യ സിനിമയുടെ ഓഡിഷന് പോയ അതേ ടെൻഷൻ; പൊന്നിയിൻ സെൽവനെക്കുറിച്ച് ഐശ്വര്യ

“എത്രയോ സന്ദര്‍ഭങ്ങളില്‍ എത്രയോ വിഷയങ്ങളില്‍ സംസ്ഥാന നിയമസഭ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്‌. അന്നും ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരും കേരളത്തില്‍ ഗവര്‍ണര്‍മാരും ഉണ്ടായിരുന്നു. അന്നൊന്നുമില്ലാത്ത പെരുമാറ്റമാണ്‌ ഗവര്‍ണര്‍ പദവിയിലിരുന്നു കൊണ്ട്‌ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ കാഴ്‌ചവച്ചിരിക്കുന്നത്‌. തരംതാണ രാഷ്ട്രീയക്കളിയിലാണ്‌ അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്‌. ഇതൊന്നും കേരളത്തില്‍ ചെലവാകില്ലെന്ന്‌ അല്‍പമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആർഎസ്എസുകാർ ഗവർണറെ ഉപദേശിക്കണം” കോടിയേരി പറഞ്ഞു.

“അരുണാചല്‍ കേസില്‍ 2016ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ പ്രസക്തഭാഗങ്ങള്‍ ഗവര്‍ണര്‍ ഒന്നു വായിച്ചാല്‍ നന്നായിരുന്നു. നിയമസഭയുടെ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക്‌ അധികാരമില്ല എന്നാണ്‌ സുപ്രീം കോടതി അര്‍ത്ഥ ശങ്കയ്‌ക്കിടയില്ലാത്ത വിധം വിധിച്ചത്‌. ജസ്‌റ്റിസുമാരായ ജഗദീഷ്‌ സിംഗ്‌ ഖേഹര്‍, പിനാകി ചന്ദ്രഘോഷ്‌, എന്‍.വി.രമണ, ദീപക്‌ മിശ്ര, മദന്‍.ബി.ലോകൂര്‍ എന്നിവര്‍ ഏകകണ്‌ഠമായാണ്‌ ആ വിധി പറഞ്ഞത്‌. ഭരണഘടനയും നിയമസംഹിതകളും സുപ്രീംകോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവര്‍ണ്ണറുടെ ‘സംസ്ഥാന ബിജെപി അധ്യക്ഷൻ’ കളി സകല സീമകളും അതിലംഘിച്ചിരിക്കുകയാണ്‌.” രൂക്ഷമായ ഭാഷയിൽ കോടിയേരി കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.