തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരിക്കാൻ ബിജെപി ഗൃഹസമ്പർക്ക പരിപാടി ആരംഭിച്ചു. വീടുകൾ കയറിയിറങ്ങി പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്‌ക്കേണ്ട ആവശ്യകതയെ കുറിച്ച് വിവരിക്കാനാണ് ബിജെപി ലക്ഷ്യമിട്ടത്. എന്നാൽ, ആദ്യ ദിനത്തിൽ തന്നെ ബിജെപിക്ക് ലഭിച്ചത് എട്ടിന്റെ പണി. കേന്ദ്ര സഹമന്ത്രി കിരൺ റിജിജു ആയിരുന്നു ഗൃഹസമ്പർക്ക പരിപാടിക്ക് കേരളത്തിൽ തുടക്കം കുറിച്ചത്.

Read Also: പപ്പ എനിക്ക് എത്ര വലുതാണെന്നറിയാമോ!; ജഗതിക്ക് മകളുടെ ജന്മദിനാശംസകൾ

സാഹിത്യകാരൻ ജോർജ് ഓണക്കൂറിന്റെ വീട്ടിലെത്തിയാണ് ഗൃഹസമ്പർക്ക പരിപാടിക്ക് ആരംഭം കുറിച്ചത്. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തെ ജോർജ് ഓണക്കൂർ ശക്തമായി എതിർത്തു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന ആശങ്ക കേന്ദ്രസഹമന്ത്രിയോട് ജോർജ് ഓണക്കൂർ വിവരിച്ചു. ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണമെന്ന് ജോർജ് ഓണക്കൂർ പറഞ്ഞു. മുസ്‌ലിങ്ങളെ മാത്രം നിയമത്തിൽ നിന്ന് ഒഴിവാക്കിയതിനെ ജോർജ് ഓണക്കൂർ ചോദ്യം ചെയ്യുകയും ചെയ്‌തു. ഇതോടെ ബിജെപിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി കിട്ടി. പത്ത് വീടുകളിൽ കേന്ദ്ര മന്ത്രിയെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും എതിർപ്പുയർന്നതോടെ ഒരു വീട് മാത്രം സന്ദർശിച്ച് പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

Read Also: ലങ്കാ ദഹനത്തിന് ഇന്ത്യ; ടീമിൽ സഞ്ജുവിന്റെ സാധ്യത ഇങ്ങനെ

കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കിരൺ റിജിജു വിമർശിച്ചു. പൗരത്വ നിയമ ഭേദഗതി മുസ്‌ലിങ്ങൾക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പലരും പ്രചരിപ്പിക്കുന്നതെന്നും അതിലൊന്നും വീണുപോകരുതെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു.

വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം എന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ നേരത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഉപവാസത്തില്‍ ജോര്‍ജ് ഓണക്കൂര്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വസതി തന്നെ ആദ്യസന്ദര്‍ശനത്തിന് ബിജെപി തിരഞ്ഞെടുത്തത്. എന്നാൽ, തുടക്കം പാളിയതോടെ ബിജെപിക്ക് അത് വലിയ തിരിച്ചടിയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook