കൊച്ചി: നിങ്ങളിതു കാണുക…വിധിപോലെ ജെയിനും വീണു. മരടിലെ മൂന്നാമത്തെ ഫ്ലാറ്റ് വീണപ്പോൾ തന്റെ ഫെയ്സ്ബുക്ക് ലൈവിൽ രതീഷ് പറഞ്ഞ കമന്ററിയിലെ ഭാഗമാണിത്. രതീഷിനെ പോലെ നിരവധി ആളുകളാണ് തങ്ങളുടെ ഫെയ്സ്ബുക്കിലൂടെ തത്സമയം ജനങ്ങളിലേക്ക് മരടിലെ സംഭവങ്ങൾ എത്തിച്ചത്.

നെറ്റിസൺ ജേണലിസത്തിന്റെയും സിറ്റിസൺ ജേണലിസത്തിന്റെയും കാലത്ത് സാധരണക്കാർ തന്നെയാണ് പലപ്പോഴും വലിയ വാർത്ത സ്രോതസുകൾ ആകാറുള്ളത്. പല വാർത്തകളും മുഖ്യധാരാ മാധ്യമങ്ങൾ കൊടുക്കുന്നതിന് മുമ്പ് തന്നെ അവർ ഫെയ്സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിൽ തങ്ങളുടേതായി രീതിയിൽ സംഭവങ്ങൾ അവതരിപ്പിക്കാറുണ്ട്.

മരടിലേക്ക് എത്തുമ്പോഴും ഇത്തരം സിറ്റിസൺ ജേണലിസ്റ്റുകളുടെ എണ്ണം വളരെ കൂടുതലായിരുന്നു. നേരത്തെ തന്നെ എത്തി, മികച്ച ക്യാമറ വ്യൂ എവിടെയാണെന്ന് മനസിലാക്കി, അവർ അവിടെ നിലയുറപ്പിക്കുന്നു. കടുത്ത വേനലിനെയും തിരക്കിനെയും അവഗണിച്ച്, ഉള്ള സ്ഥലം നഷ്ടപ്പെടാതെ നോക്കേണ്ടത് വലിയ ദൗത്യമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ കാഴ്ചകൾ മൊബൈൽ ക്യാമറയിൽ പകർത്തുന്നു, വാട്സാപിൽ സ്റ്റാറ്റസ് ആക്കുന്നു, ഫെയ്സ്ബുക്കിൽ ലൈവ് സംപ്രേഷണം ചെയ്യുന്നു.

കെട്ടിടത്തിന്റെ സൺഷെയ്ഡിൽ കയറിനിന്നുവരെ ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നവർ മരടിലെ കാഴ്ചയായിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് പൊളിക്കുന്ന ഫ്ലാറ്റിന്റെ 200 മീറ്ററിനുള്ളിൽ പലയിടത്തും ഒളിച്ചിരുന്നവരെയും കാണാമായിരുന്നു. അപകടസാധ്യതകളെ  വകവയ്ക്കാതെയായിരുന്നു പലരുടെയും പെരുമാറ്റം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.