തിരുവനന്തപുരം: ദാസ്യവേല വിവാദത്തിന്റെ സാഹചര്യത്തില്‍ ക്യാമ്പ് ഫോളോവേഴ്സിന്റെ വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുന്നതായ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിലാണ് നടപടി.

പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി ആനന്ദകൃഷ്ണന്റേതാണ് സര്‍ക്കുലര്‍. ഉച്ചയോടെ വിവരങ്ങള്‍ നല്‍കണമെന്നാണ് എസ്.പി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

എ.ഡി.ജി.പി സുദേഷ് കുമാറിന്റെ വീട്ടില്‍ പൊലീസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തെ തുടര്‍ന്നാണ് കീഴുദ്യോഗസ്ഥരെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നത്. വന്‍ വിവാദത്തിലേക്കാണ് സംഭവം പൊലീസിനെ കൊണ്ടു ചെന്നെത്തിച്ചിട്ടുള്ളത്.

സംഭവത്തെ തുടര്‍ന്ന് സുദേഷ് കുമാറിനെ സായുധ സേനാ മേധാവി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഹെഡ് ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി ആനന്ദകൃഷ്ണനാണ് അധിക ചുമതല. സുദേഷ് കുമാറിന് പുതിയ പദവി ഉടന്‍ നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

അതേസമയം, സുദേഷ് കുമാറിന്റെ കുടുംബാംഗങ്ങള്‍ പൊലീസ് ഡ്രൈവറെ കൊണ്ട് വീട്ടുപണികള്‍ ചെയ്യിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചു. ജോലികള്‍ക്ക് തയ്യാറാകാതിരുന്ന 12 ക്യാംപ് ഫോളോവേഴ്സിനെ പിരിച്ചുവിട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ