കൊച്ചി: വ്യാജരേഖ കേസില്‍ സീറോ മലബാർ സഭാധ്യക്ഷൻ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ സർക്കുലർ പള്ളികളിൽ വായിച്ചു. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറലിന്‍റെ സർക്കുലർ പള്ളികളിൽ വായിച്ചു. കേസില്‍ ഉള്‍പ്പെട്ട വൈദികരെ കര്‍ദ്ദിനാള്‍ സഹായിച്ചില്ലെന്ന് വിമര്‍ശിക്കുന്നതാണ് സർക്കുലർ. സർക്കുലറിനെതിരെ ഒരു വിഭാഗം വിശ്വാസികൾ ഇന്നലെ രംഗത്തെത്തിയിരുന്നു.
വ്യാജരേഖാ കേസ് പിന്‍വലിക്കാമെന്ന ഉറപ്പ് ആലഞ്ചേരി പാലിച്ചില്ലെന്ന എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറലിന്‍റെ ലേഖനം സഭയില്‍ വിവാദമായിയിരുന്നു. അതിരൂപത അംഗമായ യുവാവ് ജോലിയുടെ ഭാഗമായി കണ്ടെത്തിയ രേഖ ഫാ. പോള്‍ തേലക്കാട്ടിന് നല്‍കുകയും അത് രൂപത അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനന്തോടത്തിന് കൈമാറുകയും ചെയ്തു. പിന്നീട് ഈ രേഖകള്‍ സിനഡില്‍ അവതരിപ്പിച്ചു. രേഖകളുടെ സത്യാവസ്ഥ കണ്ടെത്തുന്നതിന് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഫാ. പോള്‍ തേലക്കാട്ടിനെയും ഫാ. ജേക്കബ് മനന്തോടത്തിനെയും പ്രതികളാക്കി.
എന്നാൽ ഇവരെ പ്രതിചേർക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും കര്‍ദ്ദിനാള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലയെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. വൈദികര്‍ക്കാര്‍ക്കും കേസിൽ ഒരു പങ്കുമില്ല. വ്യാജരേഖ ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. റിമാന്‍ഡിലുള്ള യുവാവിനെ മര്‍ദ്ദിച്ചാണ് വൈദികര്‍ക്കെതിരെ മൊഴി നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നാണ് അതിരൂപതയുടെ സര്‍ക്കുലറില്‍ പറയുന്നത്.
അതേസമയം കേസിലെ നാലാംപ്രതി ഫാദർ ആന്‍റണി കല്ലൂക്കാരന്‍റെ അറസ്റ്റ് ഈ മാസം 28 വരെ കോടതി തടഞ്ഞു. മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പുണ്ടാക്കുന്നത് വരെ അറസ്റ്റോ കസ്റ്റഡിയോ പാടില്ലെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി നിർദേശിച്ചു.