തിരുവനന്തപുരം: കേരളത്തിലും ഇനി പൊലീസ് സ്റ്റേഷൻ ചുമതലയുളള ഉദ്യോഗസ്ഥൻ സർക്കിൾ ഇൻസ്പെക്ടർമാരായിരിക്കും. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരാണ് സ്റ്റേഷനുകളുടെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ), എന്നാല്‍ ഇവിടെ ഇത് ഇതുവരെ നടപ്പാക്കിയിരുന്നില്ല.
പൊലീസ് സ്റ്റേഷനുകളുടെ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്കുന്ന കാര്യത്തിൽ ഏറെക്കാലമായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് ഉത്തരവ് ഇറങ്ങയിത്. ഉത്തരവിൽ ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം ഒപ്പിട്ടു. ഇതോടെ സബ് ഇന്‍സ്പെക്ടര്‍മാരെ സ്റ്റേഷന് ചുമതലയില്‍ നിന്നും ഒഴിവാക്കി. ഇനിമുതല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരാണ് സ്റ്റേഷനുകളുടെ മേലധികാരി. എല്ലാ പൊലീസ് സ്റ്റേഷനുകളും ഈ രീതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ഇതോടെ കേരളത്തിലെ 471 പൊലീസ് സ്റ്റേഷനുകളിലും എസ്എച്ച്ഒ സർക്കിൾ ഇൻസ്പെക്ടർമാരാകും.
രാജ്യത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് കൈമാറണമെന്ന കേന്ദ്ര പൊലീസ് അതോറിറ്റിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവാണ് ഇപ്പോൾ സംസ്ഥാനം നടപ്പാക്കിയത്. കൂടുതല്‍ പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരുടെ കീഴിലേക്ക് സ്റ്റേഷന് ഭരണം കൊണ്ടുവരിക ലക്ഷ്യമിട്ടാണ് സ്റ്റേഷന്‍രെ ചുമതല സിഐമാർക്ക് നൽകാൻ തീരുമാനിച്ചത്.
പുതിയ സംവിധാനപ്രകാരം ഓരോ സ്റ്റേഷനിലും കുറ്റാന്വേഷണത്തിന്റെയും ക്രമസമാധാനത്തിന്റെയും ചുമതല ഓരോ എസ്ഐമാര്‍ക്കായി വിഭജിക്കും. രണ്ട് എസ്ഐമാരില്ലാത്ത 13 സ്റ്റേഷനുകളാണ് നിലവിലുളളത്. ഇവിടുത്തെ പ്രശ്നം പരിഹരിക്കാൻ നിലവിലുളള എസ്ഐമാരെ പുനര്‍വിന്യസിക്കാനും നിര്‍ദ്ദേശമുണ്ട്. പൊലീസിലെ പരിഷ്കാരങ്ങള്‍ക്കായി രൂപവത്കരിച്ച ജസ്റ്റിസ് കെ.ടി.തോമസ് കമ്മിഷന്റെ ശുപാര്‍ശപ്രകാരമാണ് പുതിയ നടപടി.
സിഐമാര്‍ക്ക് സ്റ്റേഷൻ ചുമതല വരുന്നതോടെ, പൊലീസ് ഉദ്യോഗസ്ഥ വിന്യാസത്തിലെ ഒരുനിര ഫലത്തില്‍ അപ്രത്യക്ഷമാകുന്നുവെന്ന പ്രശ്നവുമുണ്ട്. സ്റ്റേഷന്റെ ചുമതലയുള്ള പദവിക്കും ഡിവൈഎസ്പിക്കുമിടയില് ഇനി മറ്റൊരു ഉദ്യോഗസ്ഥനുണ്ടാകില്ല എന്നതാണ്.