കൊച്ചി: സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ നാളെ തുറക്കില്ല. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്ക്), ഫിലിം ചേംബർ പ്രതിനിധികൾ വ്യക്തമാക്കി.
ഫിയോക്ക് നാളെയും ഫിലിം ചേംബര്‍ മറ്റന്നാളും കൊച്ചിയില്‍ യോഗം ചേരുന്നുണ്ട് ഈ യോഗങ്ങളിലായിരിക്കും തിയറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാവുക. മിക്കവാറും പതിമൂന്നിനോ അതിനുശേഷമോ തിയറ്റുകള്‍ തുറക്കാനാണു സാധ്യത. തിയറ്ററുകള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ വയ്‌ക്കേണ്ട പ്രശ്‌നങ്ങള്‍, എല്ല ഭാഷയിലെയും കണ്ടന്റ് ലഭ്യത തുടങ്ങിയവ ഫിയോക്ക് യോഗത്തില്‍ ചര്‍ച്ചയാവും.
കോവിഡ് പശ്ചാത്തലത്തില്‍ 10 മാസത്തിനുശേഷമാണു സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിയന്ത്രണങ്ങളോടെ അഞ്ചു മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
Read More: സിനിമാ തിയേറ്ററുകൾ അഞ്ച് മുതൽ തുറക്കാം; നിയന്ത്രണങ്ങൾ ബാധകം
തിയറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനത്തില്‍ ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി. ഓരോ ഷോയ്ക്കും 30 ശതമാനമെങ്കിലും ടിക്കറ്റ് വില്‍ക്കാന്‍ കഴിഞ്ഞാല്‍ ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയില്‍ നിലവിലെ സാഹചര്യത്തില്‍ തിയറ്ററുകള്‍ നടത്താന്‍ കഴിയുമെന്ന് തിരുവനന്തപുരം ഏരീസ് മള്‍ട്ടിപ്ലക്‌സ് വൈസ് പ്രസിഡന്റ് ജോണ്‍ എം പിള്ള ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
തിയറ്റര്‍ തുറന്ന് മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണവും സാഹചര്യത്തെക്കുറിച്ച് നിര്‍മാതാക്കള്‍ക്കു പൊതുബോധവും വരും. അതുവരെ ഫിയോക്കില്‍ അംഗമായ നിര്‍മാതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണു തീരുമാനം 20 മലയാള ചിത്രങ്ങള്‍ റിലീസ് തയാറാണെന്ന് ഫിയോക്കില്‍ അംഗമായ ഒരു തിയറ്റര്‍ ഉടമ പറഞ്ഞു. ഇതിലേറെയും ഫിയോക്കില്‍ അംഗമായ നിര്‍മാതാക്കളുടേത്. ഇതുകൂടാതെ അന്യഭാഷാ ചിത്രങ്ങളും കേരളത്തില്‍ റിലീസ് ചെയ്യാന്‍ ഒരുക്കമാണ്. ഇതില്‍ ഏറ്റവും പ്രമുഖമായത് വിജയ്‌യുടെ മാസ്റ്റര്‍ ആണ്. ഇത് ഏരീസ് മള്‍ട്ടിപ്ലക്‌സില്‍ സംസ്ഥാനത്തെ പ്രധാന തിയറ്ററുകളിലെ ആദ്യ റിലീസ് ചിത്രമാവാനുള്ള സാധ്യതയുണ്ട. അതുപോലെ ക്രിസ്ഫറ്റര്‍ നോളന്റെ ടെന്റ്റ്, വാര്‍ണര്‍ ബ്രദേ്‌സ് നിര്‍മിച്ച വണ്ടര്‍ വുമണ്‍ തുടങ്ങിയ ചിത്രങ്ങളും :േകരളത്തില്‍ പ്രദര്‍ശനത്തിനെത്തും.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍, ഒറ്റയ്ക്കു സിനിമ കാണാന്‍ വരുന്നയാള്‍ക്ക് അപ്പുറത്തും ഇപ്പുറത്തും ഇരിപ്പിടം ഒഴിവാക്കിയിടാനാണ് തിയറ്റര്‍ ഉടമകളുടെ ആലോചന. രണ്ടുപേര്‍ ഒരുമിച്ചാണു വരുന്നതെങ്കില്‍ അവരെ ഒരുമിച്ചിരുത്തും. ഇവര്‍ക്ക് അപ്പുറത്തും ഇപ്പുറത്തും ഇരിപ്പിടം ഒഴിവാക്കിയിടും. കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിനും ഇതേ രീതിയിലാണ് ഇരിപ്പിടമൊരുക്കുക.
Read More: അതിതീവ്ര വൈറസ് കേരളത്തിലും; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിയറ്റര്‍ തുറക്കുന്നതിനു മുന്നോടിയായി ടിക്കറ്റിന്മേലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധിക നികുതി കുറയ്ക്കല്‍, വൈദ്യുതി ഫിക്‌സഡ് നിരക്ക് എടുത്തുകളയല്‍ എന്നീ ആവശ്യങ്ങള്‍ തിയറ്റര്‍ ഉടമകള്‍ ഉന്നയിക്കുന്നുണ്ട്. നൂറു രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിനു 12 ശതമാനമാണു കേന്ദ്ര ജിഎസ്ടി. സംസ്ഥാനം അഞ്ച് ശതമാനം എന്റര്‍ടെയ്‌മെന്റ് നികുതി നികുതി ഏര്‍പ്പെടുത്തിയതോടെ അടിസ്ഥാന ടിക്കറ്റ് നിരക്ക് 105 രൂപയായി. ഈ സാഹചര്യത്തില്‍ 18 ശതമാനം ജിഎസ്ടി നല്‍കേണ്ടി വരുന്നു. ഇതോടെ ടിക്കറ്റ് വില 130 രൂപ വരെയായി. അധിക നികുതി കുറച്ചാല്‍ ടിക്കറ്റ് നിരക്ക് 20 രൂപ കുറയും. ഇത് ജനത്തിന് അധികഭാരത്തില്‍നിന്നു മോചനമാവുമെന്നാണ് തിയറ്റര്‍ ഉടമകളുടെ നിലപാട്.
കോവിഡ് കാലത്ത് തിയറ്റുകള്‍ തുറന്നില്ലെങ്കിലും വൈദ്യുതി ഫിക്‌സഡ് നിരക്കായി വന്‍ തുക നല്‍കേണ്ടി വരുന്നുണ്ട്്. ഒറ്റ സ്‌ക്രീനുള്ള തിയറ്റര്‍ 35,000 രൂപയാണു ഫിക്‌സഡ് നിരക്കായി നല്‍കേണ്ടത്്. മള്‍ട്ടിപ്ലെക്്‌സുകള്‍ 1.25 ലക്ഷം വരെയും നല്‍കേണ്ടി വരുന്നു. ഫിക്‌സഡ് നിരക്കിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു പങ്കില്ലെന്നതിനാല്‍ ഇതു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകള്‍ കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷനു നിവേദനം നല്‍കിയിട്ടുണ്ട്്. ഇതിനിടെ പലയിടങ്ങളിലും ഫിക്‌സഡ് നിരക്ക് നല്‍കാത്ത തിയറ്ററുകളുടെ വൈദ്യതി കണക്ഷന്‍ വിച്ഛേദിക്കുന്നതായും ഉടമകള്‍ക്കു പരാതിയുണ്ട്.
Read More: നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ക്യാംപസിൽ: ചിത്രങ്ങൾ
ഫിയോക്ക് പ്രസിഡന്റ്് ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച മോഹന്‍ലാല്‍ ചിത്രം ദൃശ്യം-2 ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. നേരത്തെ, ദൃശ്യം-2 തിയറ്റര്‍ റിലീസാണെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നത്. പ്രഖ്യാപനത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെതിരെ സംഘടനയ്ക്കുള്ളില്‍ മുറുമുറുപ്പ്് ഉയര്‍ന്നിട്ടുണ്ട്. നേരത്തെ, ഒ.ടി.ടി റിലീസിന്റെ പേരില്‍ നിര്‍മാതാവ് വിജയ് ബാബുവിനു നോട്ടീസ് കൊടുത്ത സംഘടന എന്തുകൊണ്ട് ആന്റണി പെരുമ്പാവൂരിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്ന ചോദ്യം ഫിയോക്കില്‍ സജീവമാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook