തിരുവനന്തപുരം: അക്രമികളും കവര്‍ച്ചക്കാരും ഇനി ഒന്ന് ഭയക്കും, കാരണം കേരള പൊലീസ് ഹൈടെക്കാവുകയാണ്. അക്രമികളുടെ ദൃശ്യങ്ങള്‍ കേവലം ഏഴു സെക്കന്‍ഡിനുള്ളില്‍ ഇനി പൊലീസിനു ലഭിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ പിടികൂടാന്‍ കഴിയുന്ന സെന്‍ട്രല്‍ ഇന്റര്‍ഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണു കേരളം.

വീടുകള്‍ കൊള്ളയടിക്കപ്പെടുകയും പൊതുമുതലും സ്വകാര്യസ്ഥാപനങ്ങളും ആക്രമിച്ച് നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണു സംസ്ഥാനത്തുണ്ടാകുന്നത്. ഇത്തരം സംഭവങ്ങള്‍ ദൃക്‌സാക്ഷികളുടെയും സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെയും സഹായത്താല്‍ അന്വേഷിച്ച് പ്രതികളെ കണ്ടെത്തുന്നതാണു പൊലീസിന്റെ നിലവിലെ രീതി. ഇതില്‍നിന്നു തികച്ചും വ്യത്യസ്തമാണു സിഐഎംഎസ് പ്രവര്‍ത്തനം. പദ്ധതി നടപ്പാകുന്നതോടെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്കും സ്ഥാനം ലഭിക്കും.

എന്താണ് സെന്‍ട്രല്‍ ഇന്റര്‍ഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്)

സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിവരം എത്തിക്കാനും വിവിധ കേന്ദ്രങ്ങളിലേക്കു നിര്‍ദേശം നല്‍കാനും സഹായിക്കുന്ന ആധുനിക സംവിധാനമാണിത്. ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കെല്‍ട്രോണുമായി സഹകരിച്ചാണ് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്.

സിഐഎംഎസ് പരിരക്ഷയുള്ള സ്ഥലങ്ങളില്‍ മോഷണശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ മൂന്നു മുതല്‍ ഏഴു സെക്കന്‍ഡിനകം തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂമില്‍ ജാഗ്രതാ നിര്‍ദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും. ഉടന്‍ സിഐഎംഎസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് സംഭവം നടന്നതിനു സമീപത്തെ പൊലീസ് സ്റ്റേഷനിലേക്കു വിവരം കൈമാറും. സംഭവസ്ഥലത്തേക്കു പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ദൂരം, സമയം, ലൊക്കേഷന്‍ മാപ്പ്, സ്ഥാപനത്തിന്റെ ടെലിഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറും. തത്സമയം തന്നെ പൊലീസ് എത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യും. ഒരുപക്ഷേ അക്രമികള്‍ മടങ്ങും മുമ്പ് പോലീസിന് അവിടെ എത്താന്‍ കഴിയും.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നൂതന സുരക്ഷാ പദ്ധതി പൊലീസ് തയാറാക്കിയത്. പൊലീസിന്റെയും കെല്‍ട്രോണിന്റെയും വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും സിഐഎംഎസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, ഫ്‌ളാറ്റുകള്‍, ഓഫീസുകള്‍, ബാങ്കുകള്‍, എടിഎം കൗണ്ടറുകള്‍ തുടങ്ങിവയൊക്കെ സിഐഎംഎസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കാം.

സിഐഎംഎസ് പ്രവര്‍ത്തനം എങ്ങനെ?

കണ്‍ട്രോള്‍ റൂമിലുള്ള പ്രത്യേകതരം ഹാര്‍ഡ് വെയറും വീഡിയോ മാനേജ്‌മെന്റ് സിസ്റ്റവും സ്ഥാപനത്തില്‍ സ്ഥാപിക്കുന്ന ലോക നിലവാരമുള്ള സെന്‍സറുകളും ക്യാമറകളും ഇന്റര്‍ഫേസിങ് യൂണിറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ കണക്ഷന്‍ നിലനില്‍ക്കുന്നതിനാല്‍ ഏതുസമയവും സ്ഥാപനം പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും.

സംവിധാനം സ്ഥാപിച്ച സ്ഥാപനവും കണ്‍ട്രോള്‍ റൂം തമ്മില്‍ മൂന്നു മിനുട്ടില്‍ ഒരിക്കല്‍ സിസ്റ്റം ഹെല്‍ത്ത് ചെക്ക് അപ് നടക്കും. ഇതിനാല്‍ സ്ഥാപനത്തില്‍ സ്ഥാപിച്ച ഏതെങ്കിലും ഉപകരണം പ്രവര്‍ത്തനരഹിതമായാല്‍ തല്‍ക്ഷണം ആ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയും. ഉടന്‍ തന്നെ സര്‍വീസ് എന്‍ജിനീയര്‍ സ്ഥലത്തെത്തി തകരാറ് പരിഹരിക്കുകയും വിവരം സ്ഥാപനമുടമയ്ക്ക് എസ്എംഎസ് ആയി നല്‍കുകയും ചെയ്യും.

സെന്‍സര്‍, ക്യാമറ, കണ്‍ട്രോള്‍ പാനല്‍ എന്നിവ ഉള്‍പ്പെടുന്നതാണു സിഐഎംഎസ് സംവിധാനം. മൊബൈല്‍ ഫോണുകള്‍ പോലെ ജിഎസ്എം സംവിധാനത്തിലാണു വിവരങ്ങള്‍ കൈമാറുക. ആരെങ്കിലും അതിക്രമിച്ചുകടന്നാല്‍ ക്യാമറയും സെന്‍സറുകളും പ്രവര്‍ത്തനക്ഷമമായി ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്കു തല്‍സമയം എത്തും. ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലുള്ളവര്‍ക്കു കാണാമെന്നതിനാല്‍ തെറ്റായ സന്ദേശം വന്നാലും തിരിച്ചറിയാനാകും. ദൃശ്യങ്ങള്‍ മൂന്നു മാസം വരെ സൂക്ഷിക്കാനാകും.

എങ്ങനെ സംവിധാനത്തിന്റെ ഭാഗമാകാം?

സിഐഎംഎസ് സംവിധാനത്തില്‍ ആദ്യഘട്ടത്തില്‍ പത്തുലക്ഷം ഉപഭോക്താക്കളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. രണ്ട് കമ്പനികളുടെ ഇന്റര്‍നെറ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ച് സെന്‍സറുകളുടെയും ക്യാമറയുടെയും എണ്ണത്തില്‍ വ്യത്യാസം വരും. കുറഞ്ഞത് 80,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. മാസം 500 രൂപ മുതല്‍ 1000 രൂപ വരെ കെല്‍ട്രോണ്‍ ഫീസ് ഈടാക്കും.

വ്യാപാര സ്ഥാപനങ്ങളിലും എടിഎമ്മുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറയും. കൊടും ക്രിമിനലുകളെ തിരിച്ചറിയുന്ന ഫേസ് റെക്കഗ്‌നിഷന്‍ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കാന്‍ പൊലീസിന് ആലോചനയുണ്ട്. അക്രമി സംഘത്തില്‍ ഇങ്ങനെയൊരാള്‍ ഉണ്ടെങ്കില്‍ പെട്ടെന്നു തിരിച്ചറിയാനാകുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, കെല്‍ട്രോണ്‍ മാര്‍ക്കറ്റിങ് മേധാവി എ. ഗോപാകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.