scorecardresearch
Latest News

കോവിഡ് ആഘാതത്തില്‍നിന്ന് വന്‍ തിരിച്ചുവരവുമായി സിയാല്‍; 37.68 കോടി രൂപ ലാഭം

418.69 കോടി രൂപയാണ് 2021-22 സാമ്പത്തിക വര്‍ഷത്തെ മൊത്തവരുമാനം. 217.34 കോടി രൂപയാണു പ്രവര്‍ത്തന ലാഭം

Kochi airport, CIAL

കൊച്ചി: കോവിഡ് മഹാമാരി വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ആഘാതത്തില്‍നിന്നു കൊച്ചി വിമാനത്താള ലിമിറ്റഡ് (സിയാല്‍) ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ 37.68 കോടി രൂപ (നികുതിക്ക് മുമ്പുള്ള) ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 87.21 കോടി രൂപ നഷ്ടമുണ്ടാക്കിയ സാഹചര്യത്തില്‍നിന്നുമാണ് കമ്പനിയുടെ തിരിച്ചുവരവ്. 252.71 കോടി രൂപയായിരുന്നു 2020-21 ലെ മൊത്തവരുമാനം. പ്രതിവര്‍ഷം ഒരു കോടിയോളം യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന സിയാലിന് കോവിഡ് കാലഘട്ടത്തില്‍ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവു നേരിട്ടിരുന്നു.

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് ഭീഷണി ഒഴിഞ്ഞതിനൊപ്പം കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ കമ്പനി നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ലക്ഷ്യം കണ്ടു. യാത്രക്കാരുടെ എണ്ണം 24.7 ലക്ഷത്തില്‍നിന്നു 47.59 ലക്ഷത്തിലേക്ക് ഉയര്‍ന്നു. 217.34 കോടി രൂപയാണു പ്രവര്‍ത്തന ലാഭം.

നികുതിക്കു മുമ്പുള്ള ലാഭം 37.68 കോടി രൂപയും നികുതി കിഴിച്ചുള്ള ലാഭം 26.13 കോടി രൂപയുമാണ്. സിയാലിന് നൂറുശതമാനം ഓഹരിയുള്ള സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീടെയില്‍ സര്‍വീസസ് ലിമിറ്റഡിന്റെ (സി.ഡി .ആര്‍ .എസ്.എല്‍) വരുമാനം 52.32 കോടി രൂപയില്‍ നിന്നും 150.59 കോടി രൂപയിലേക്കു വര്‍ധിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 675 കോടി രൂപയുടെ മൊത്തവരുമാനമാണ് സിയാല്‍ പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം സിയാലിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ വരവ് ചെലവ് കണക്ക് അംഗീകരിച്ചു. നിക്ഷേപകരുടെ വാര്‍ഷിക പൊതുയോഗം സെപ്റ്റംബര്‍ 26നു നടത്തും.

മന്ത്രിമാരും ഡയറക്ടര്‍മാരായ പി രാജീവ്, കെ രാജന്‍, ഡയറക്ടര്‍മാരായ ചീഫ് സെക്രട്ടറി വി. പി ജോയ്, ഇ .കെ ഭരത് ഭൂഷണ്‍, അരുണ സുന്ദരരാജന്‍, എം.എ യുസഫ് അലി, എന്‍ വി ജോര്‍ജ്, ഇ എം ബാബു, മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ് എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.

പ്രതിസന്ധികള്‍ക്കിടയിലും അടിസ്ഥാന സൗകര്യവികസനത്തില്‍ വന്‍ മുന്നേറ്റം സിയാല്‍ കാഴ്ചവച്ചിരുന്നു. കോഴിക്കോട് അരിപ്പാറയിലെ 4.5 മെഗാവാട്ട് ജലവൈദ്യുത പദ്ധതി, കണ്ണൂര്‍ പയ്യന്നൂരിലെ 12 മെഗാ വാട്ട് സൗരോര്‍ജ പദ്ധതി എന്നിവ ഈ കാലയളവില്‍ കമ്മിഷന്‍ ചെയ്തു. ബിസിനസ് ജെറ്റ് ടെര്‍മിനലിന്റെ നിര്‍മാണം തുടങ്ങി. വെള്ളപ്പൊക്ക നിവാരണ പദ്ധതിയായ ഓപ്പറേഷന്‍ പ്രവാഹ് പൂര്‍ത്തിയാക്കി.

അന്താരാഷ്ട്ര കാര്‍ഗോ ടെര്‍മിനല്‍ നിര്‍മാണം പുനരാരംഭിച്ചു. കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ മാനേജ്മന്റ് നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയര്‍ ഉള്‍പ്പടെയുള്ള നിരവധി എയര്‍ലൈനുകള്‍ സിയാലില്‍ നിന്നു സര്‍വീസ് ആരംഭിച്ചു. നിരവധി ആഭ്യന്തര എയര്‍ലൈനുകള്‍ അന്താരാഷ്ട്ര സര്‍വിസുകള്‍ ആരംഭിക്കാനുള്ള ഹബ് എന്ന നിലയ്ക്കും സിയാലിനെ പരിഗണിച്ചുതുടങ്ങിട്ടുണ്ട്.

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ് ജെറ്റ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതുള്‍പ്പടെയുള്ള പദ്ധതികളാണ് സിയാല്‍ ലക്ഷ്യമിടുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cial records rs 37 68 crore profit for fy 2021 22