കൊച്ചി: സിഐ നവാസ് കൊച്ചിയിലേക്ക്. കാണാതായിരുന്ന നവാസിനെ തമിഴ്‌നാട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം നവാസ് നാട്ടിലെത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ വിജയ് സാഖറെ അറിയിച്ചു. നവാസിനെ പാലക്കാടു വച്ച് കൊച്ചി പൊലീസിന് കൈമാറിയിട്ടുണ്ട്. നവാസിനെ കണ്ടെത്തുകയായിരുന്നു പ്രധാനം. അതില്‍ സന്തോഷമുണ്ട്. ബാക്കിയെല്ലാം തിരിച്ചെത്തിയ ശേഷമെന്നും സാഖറെ പറഞ്ഞു.

തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നാണ് നവാസിനെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് നവാസിനെ റെയില്‍വേ പൊലീസ് കണ്ടെത്തിയത്. വീട്ടുകാരുമായി ഫോണില്‍ സംസാരിച്ച നവാസ് കൂടുതല്‍ കാര്യങ്ങള്‍ നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പറയാമെന്നും പ്രതികരിച്ചു. നാഗര്‍കോവില്‍ കൊയന്പത്തൂര്‍ എക്‌സ് പ്രസില്‍ യാത്രചെയ്യുകയായിരുന്നു സിഐ നവാസ്. കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഇടയ്ക്ക് ഓണാക്കിയപ്പോള്‍ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ കേരളാ പൊലീസ് തമിഴ്‌നാട് ആര്‍പിഎഫിന്റെ സഹായം തേടുകയായിരുന്നു. ഇടുക്കി സ്വദേശിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് നവാസിനെ തിരിച്ചറിഞ്ഞത്.

കൊച്ചിയിലെ വീട്ടില്‍ നിന്ന് ഇറങ്ങി കൊല്ലത്തേക്ക് ബസ്സില്‍ തിരിച്ച നവാസ് പിന്നെ ട്രെയിനിലാണ് മധുരയ്ക്ക് പോയതെന്നാണ് വിവരം. രാമേശ്വരത്തേക്ക് പോയെന്നാണ് നവാസ് പറയുന്നത്. നവാസിനെ കണ്ടെത്താനായതില്‍ ആശ്വാസമുണ്ടെന്ന് കുടുംബം പ്രതികരിച്ചു.

രണ്ട് ദിവസം മുമ്പാണ് സി.ഐയെ കാണുന്നില്ല എന്ന പരാതി ലഭിച്ചത്. നവാസ് ഭര്‍ത്താവ് നാടുവിടാന്‍ കാരണം മേല്‍ ഉദ്യോഗസ്ഥന്റെ മാനസിക പീഡനമാണെന്നാണ് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നത്. കള്ളക്കേസുകളെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നു. നവാസിനെ മാനസികമായി മേലുദ്യോഗസ്ഥര്‍ പീഡിപ്പിച്ചിരുന്നതായും ഭാര്യ പരാതിയില്‍ പറയുന്നുണ്ട്.

കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന നവാസ് തന്റെ ഔദ്യോഗിക ചുമതലകള്‍ ജൂണ്‍ 13ന് നവാസ് ഒഴിഞ്ഞതായും സൂചനകളുണ്ട്. അതേദിവസം ലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പര്‍ മറ്റൊരു ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നവാസിനെ കണ്ടെത്തുന്നതിനായി വിപുലമായ അന്വേഷണം നടന്ന് വരുകയായിരുന്നു. നാല് പൊലീസ് സംഘങ്ങളാണ് വിവിധ ഭാഗങ്ങളിലായി അന്വേഷണം നടത്തി വന്നത്. എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു.

രാമേശ്വരത്തേക്ക് പോയതാണെന്നാണ് നവാസ് പറയുന്നത്. മൂന്ന് ദിവസം മുമ്പ് മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നവാസ് ആരോടും പറയാതെ വീട് വിട്ടിറങ്ങിയത്. ഭര്‍ത്താവിനെ കാണാനില്ലെന്ന് നവാസിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്നാണ് സിഐ നാട് വിട്ടതെന്നാരോപിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.