കൊച്ചി: കാണാതായ കൊച്ചി സിഐ നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്കി. ഭര്‍ത്താവ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമാണെന്ന് പരാതിയില്‍ പറയുന്നു. മേലുദ്യോഗസ്ഥന്റെ പീഡനത്തെ കുറിച്ച് ഭര്‍ത്താവ് തന്നോട് പറഞ്ഞിട്ടുണ്ട്. കള്ളക്കേസുകളെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നു. ഇതേ തുടര്‍ന്ന് വലിയ സംഘര്‍ഷത്തിലായിരുന്നു ഭര്‍ത്താവ്. നവാസിനെ മാനസികമായി മേലുദ്യോഗസ്ഥര്‍ പീഡിപ്പിച്ചിരുന്നതായും ഭാര്യ പരാതിയില്‍ പറയുന്നുണ്ട്.
മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. ആരാണ് മാനസികമായി പീഡിപ്പിച്ച മേലുദ്യോഗസ്ഥന് എന്ന് തന്നോട് ഭര്‍ത്താവ് പറഞ്ഞിട്ടില്ല. ഭര്‍ത്താവ് സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. വയര്‍ലെസ് സെറ്റുകള്‍ പരിശോധിക്കണം. വയര്‍ലെസ് സെറ്റ് വഴി എസ്പിയുമായി വാഗ്വാദം നടന്നിട്ടുണ്ട് എന്ന കാര്യം സത്യമാണെന്നും നവാസിന്റെ ഭാര്യ പറഞ്ഞു.
Read Also: കൊച്ചി സെന്‍ട്രല്‍ സിഐയെ കാണാനില്ല; അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്
അതേസമയം, ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാതായ സിഐ വി.എസ്.നവാസിനെ കുറിച്ച് ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായതിനു ശേഷം കായംകുളത്തുവച്ച് ഇയാളെ കണ്ടതായി വിവരമുണ്ടെങ്കിലും അതിനു ശേഷം മറ്റ് വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കാണാതായ ദിവസം തേവരയിലെ എടിഎമ്മില്‍ നിന്ന് 10,000 രൂപ നവാസ് പിന്‍വലിച്ചിരുന്നു. ഇതിനുശേഷം മറ്റൊരു പൊലീസുകാരന്റെ വാഹനത്തില്‍ നവാസ് കായംകുളം വരെ എത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Read Also: Kerala News Live ഇന്നത്തെ കേരള വാർത്തകൾ ഒറ്റനോട്ടത്തിൽ
ബസില്‍ വച്ച് നവാസിനെ കണ്ട പൊലീസുകാരന് ചേര്‍ത്തലയില്‍ നിന്ന് കായംകുളത്തേക്ക് വാഹനത്തില്‍ ഒപ്പം പോകുകയായിരുന്നു. കോടതി ആവശ്യത്തിന് പോകുന്നതായാണ് പൊലീസുകാരനോടു നവാസ് പറഞ്ഞത്. ഇതിനു ശേഷം നവാസിനെ കുറിച്ച് ഒരു വിവരവുമില്ല. താന്‍ പത്ത് ദിവസത്തെ ഒരു യാത്രയ്ക്ക് പോവുകയാണെന്ന് നവാസ് പൊലീസ് ഡ്രൈവറോട് പറഞ്ഞിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കില്ല. ഇന്നലെ വൈകീട്ടാണ് നവാസിനെ കാണാനില്ല എന്ന പരാതി പൊലീസിന് ലഭിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ പൊലീസ് മേധാവി നിയോഗിച്ചു. കൊച്ചി ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് സിഐയുടെ തിരോധാനം അന്വേഷിക്കുക.
സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പൃഥിരാജിന്റെ നേതൃത്വത്തിൽ ഡിജിപിക്ക് നിവേദനം നൽകിയിരുന്നു. തുടര്‍ന്ന് ഇന്നലെ കൊച്ചി അസി.കമ്മിഷണറും സിഐയുമായുണ്ടായ തർക്കത്തെ കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കൊച്ചി കമ്മിഷണർക്ക് ഡിജിപി നിർദേശം നൽകി. സെന്‍ട്രല്‍ സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ ഇന്നലെ ഈ ഉദ്യോഗസ്ഥന് ഒഴിഞ്ഞതായി വിവരമുണ്ട്.