‘ചുരുളി’ പ്രദർശനത്തിലൂടെ എന്തെങ്കിലും നിയമ ലംഘനം നടന്നിട്ടുണ്ടോ; അറിയിക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം

സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു

churuli, movie, ie malayalam

കൊച്ചി: ചുരുളി സിനിമയുടെ പ്രദർശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി പൊലീസ് മേധാവിക്ക് നിർദേശം നൽകി. കേസിൽ ഡിജിപിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു.

ചിത്രം പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും സിനിമ ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂർ കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

സിനിമ സംവിധായകൻ്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹർജി പരിശോധിക്കുമ്പോൾ ഇക്കാര്യം പരിഗണിക്കാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. വള്ളുവനാടൻ ഭാഷയോ, കണ്ണൂർ ഭാഷയോ സിനിമയിൽ ഉപയോഗിക്കാൻ കോടതിക്ക് നിർദേശിക്കാനാവില്ല. ഗ്രാമത്തിലെ ജനങ്ങൾ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നുണ്ടോ എന്ന് മാത്രമേ പരിശോധിക്കാനാവൂ. പ്രഥമ ദൃഷ്ട്യാ ക്രിമിനൽ കുറ്റം നടന്നതായി തോന്നുന്നില്ലെന്നും കോടതി വ്യക്തമാക്കി.

Also Read: ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരം: ഹൈക്കോടതി

സിനിമക്ക് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ് ക്രിമിനൽ നടപടിക്രമം ലംഘിച്ചെന്ന് ഹർജിക്കാർ ആരോപിച്ചു. സിനിമയുടെ പ്രമേയത്തെക്കുറിച്ചല്ല ഹർജിക്കാരുടെ ആക്ഷേപമെന്നും ചില സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ചാണ് പരാതിയെന്നും കോടതി ചൂണ്ടിക്കാട്ടി.

സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. സിനിമ ഒടിടിയിൽ നിന്ന് നീക്കണമെന്നും ഹർജിയിൽ ആവശൃമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Churuli movie case high court dgp lijo jose pellissery

The moderation of comments is automated and not cleared manually by malayalam.indianexpress.com