തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും ഇന്നുമുതൽ തുറന്നുപ്രവർത്തിക്കും. സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും ആരാധനാലയങ്ങളിലും മാളുകളിലും ഹോട്ടലുകളിലും ഇന്നുമുതൽ ആളുകളെ പ്രവേശിപ്പിക്കുക. നിയന്ത്രണങ്ങളിൽ ലംഘനമുണ്ടായാൽ പകർച്ചവ്യാധി നിയമപ്രകാരം നടപടിയെടുക്കും. ഇന്നുമുതൽ തുറന്നുപ്രവർത്തിക്കേണ്ടതിനാൽ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും ഇന്നലെ അണുവിമുക്‌തമാക്കിയിരുന്നു. സംസ്ഥാനത്തെ നിരവധി ആരാധനാലയങ്ങൾ ജൂൺ 30 വരെ തുറന്നുപ്രവർത്തിക്കേണ്ട എന്നു തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വേണ്ടെന്ന് പല ആരാധനാലയങ്ങളും തീരുമാനിച്ചിട്ടുള്ളത്.

അതേസമയം, ആരാധനാലയങ്ങൾ ഉടൻ തുറക്കരുതെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകൾ കേരളത്തിൽ വർധിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് രോഗവ്യാപനം വർധിക്കാൻ കാരണമാകുമെന്നാണ് ഐഎംഎ മുന്നറിയിപ്പ് നൽകുന്നത്.

ആരാധനാലയങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ

പൊതുസ്ഥലങ്ങളില്‍ കുറഞ്ഞത് 6 അടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങള്‍ക്കും ബാധകമാണ്. ആരാധനാലയത്തില്‍ എത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമായ സ്ഥലങ്ങളില്‍ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിക്കണം. ഇത് നടപ്പാക്കുന്നതില്‍ എല്ലാവരും യോജിച്ചിട്ടുണ്ട്. ആദ്യം വരുന്നവര്‍ ആദ്യം എന്ന നിലയില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടംചേരല്‍ ഉണ്ടാകരുത്. പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ടാപ്പുകളില്‍നിന്നു മാത്രമേ ഉപയോഗിക്കാവൂ. ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യൂ ഉപയോഗിക്കുന്നുവെങ്കില്‍ ശരിയായി നിര്‍മാര്‍ജനം ചെയ്യണം. പൊതുസ്ഥലത്ത് തുപ്പരുത്.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പ്രകടമായി പ്രദര്‍ശിപ്പിക്കണം. ചെരുപ്പുകള്‍ അകത്ത് കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്റുകള്‍ ഉണ്ടാകണം. കേന്ദ്രം മുമ്പോട്ടുവെച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പാക്കാമെന്നാണ് കാണുന്നത്. ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കേണ്ടതാണ്. പത്ത് വയസിനു താഴെയുള്ളവരും 65 വയസിനു മുകളിലുള്ളവരും ആരാധനാലയങ്ങളിൽ എത്തരുത്. എത്ര വലിയ പള്ളികൾ ആണെങ്കിലും പരമാവധി 100 പേർ മാത്രമേ ഒരേസമയത്ത് തിരുകർമങ്ങളിൽ പങ്കെടുക്കാൻ പാടൂ.

Read Also: Horoscope Today June 09, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

എയര്‍കണ്ടീഷനുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഉപയോഗിക്കുകയാണെങ്കില്‍ കേന്ദ്ര നിബന്ധന അനുസരിച്ച് 24-30 ഡിഗ്രി സെല്‍ഷ്യസ് എന്ന ക്രമത്തില്‍ താപനില ക്രമീകരിക്കേണ്ടതാണ്. വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം. പായ, വിരിപ്പ് എന്നിവ പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ തന്നെ കൊണ്ടുവരേണ്ടതാണ്.

അന്നദാനവും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കണം. മാമോദീസ നടത്തുന്നുണ്ടെങ്കില്‍ കരസ്പര്‍ശമില്ലാതെ ആയിരിക്കണം. എന്തായാലും ആള്‍ക്കൂട്ടം ഒഴിവാക്കണം, രോഗപകര്‍ച്ചയുടെ സാധ്യത തടയുകയും വേണം. പ്രസാദവും തീര്‍ത്ഥജലം തളിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട്. ഖര, ദ്രാവക വസ്തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്.

അസുഖമുള്ള വ്യക്തി ആരാധനാലയത്തില്‍ എത്തിച്ചേര്‍ന്നാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണം എന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കും. ആരാധനാലയങ്ങളില്‍ ആഹാരസാധനങ്ങളും നൈവേദ്യവും അര്‍ച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് തല്‍ക്കാലം ഒഴിവാക്കേണ്ടതാണ്. ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനവും ഭസ്മവും നല്‍കരുത്. ചടങ്ങുകളില്‍ കരസ്പര്‍ശം പാടില്ല. ആരാധനാലയങ്ങളുടെ വലുപ്പമനുസരിച്ചും സാമൂഹ്യ അകല നിബന്ധന പാലിച്ചും ഒരു സമയം എത്രപേര്‍ വരണമെന്ന കാര്യത്തില്‍ ക്രമീകരണം വരുത്തും. 100 ചതുരശ്ര മീറ്ററിന് 15 പേര്‍ എന്ന തോത് അവലംബിക്കും. എന്നാല്‍, ഒരുസമയം എത്തിച്ചേരുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തും. ആരാധനാലയങ്ങളില്‍ വരുന്ന വ്യക്തികളുടെ പേരും ഫോണ്‍ നമ്പരും ശേഖരിക്കണം. രേഖപ്പെടുത്തുന്ന പേന ആരാധനയ്ക്ക് വരുന്നവര്‍ കൊണ്ടുവരണം.

ഹോട്ടലുകൾക്കുള്ള മാർഗനിർദേശങ്ങൾ

1. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാൾ, പാഴ്‌സൽ സംവിധാനം പ്രോത്സാഹിപ്പിക്കണം. ഉപഭോക്താവിന് ഭക്ഷണം എത്തിച്ച് നൽകുന്നവർ, വാതിൽ പടിയിൽ പായ്ക്കറ്റ് വയ്ക്കണം. ഉപഭോക്താവുമായി നേരിട്ടുള്ള ബന്ധം അരുത്.

2. റസ്റ്ററന്റ് അധികൃതർ ഹോം ഡെലിവറി സ്റ്റാഫുകളുടെ ശരീരത്തിന്റെ താപനില പരിശോധിക്കണം.

3. ഹോട്ടലുകളുടെ പ്രവേശന കവാടങ്ങളിൽ സാനിറ്റൈസർ ഉപയോഗം, താപനില പരിശോധന എന്നിവ നിർബന്ധം.

4. അമ്പത് ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്.

5. സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ആറടി അകലം പാലിക്കണം.

6. കോവിഡ് ലക്ഷണമുള്ള ഉപഭോക്താക്കളേയോ, ജോലിക്കാരേയോ അനുവദിക്കരുത്.

7. ജീവനക്കാർ മുഴുവൻ സമയവും മാസ്‌ക് ധരിക്കണം.

8. ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.

9. ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം.

10. ഹോട്ടലില്‍ ജോലി ചെയ്യുന്ന വയസ്സായവര്‍, ഗര്‍ഭിണികള്‍, എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.

11. പാർക്കിങ് സ്ഥലങ്ങളിലും പരിസരത്തും സാമൂഹ്യ അകലം പാലിക്കൽ ഉറപ്പ് വരുത്തണം.

12. ആളുകൾ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിള്‍ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആളെ അവിടെ ഇരിക്കാന്‍ അനുവദിക്കാവൂ.

13. ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.

14. അടുക്കളയിൽ, ജോലിക്കാർ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ പാലിക്കണം. പരിസരം കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം.

15. കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള സ്ഥലം ഉണ്ടെങ്കില്‍ ആ പ്രദേശം അടയ്ക്കണം.

16. ആളുകള്‍ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.