കൊച്ചി: കേരള നിയമപരിഷ്‌കരണ കമ്മീഷന്‍ പ്രസിദ്ധീകരിച്ച ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്ലിനെതിരെ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ രംഗത്തെത്തി. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് സൂസപാക്യത്തിന്റെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് സഭാ സ്വത്തുക്കള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണ് ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്ലിലൂടെ നടക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നത്. ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്ലിനെ നിശിതമായി വിമര്‍ശിക്കുന്ന സര്‍ക്കുലര്‍ ഇത്തരമൊരു ബില്ലിന്റെ ആവശ്യമില്ലെന്നും ഇതിനെതിരെ വിശ്വാസികള്‍ രംഗത്തുവരണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.
ഒരാഴ്ച മുമ്പാണ് കേരളത്തിലെ ക്രൈസ്തവ സഭകളുടെ സ്വത്തുക്കളും സ്ഥാപനങ്ങളും ഫണ്ടുകളും സത്യസന്ധവും സുതാര്യവുമായ വിധത്തില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇക്കാര്യത്തില്‍ തെറ്റായ എന്തെങ്കിലും നടപടികളുണ്ടായാല്‍ അതിനു പരിഹാരമുണ്ടാക്കാനും ലക്ഷ്യമിട്ട് ദി കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍) ബില്‍ 2019 -ന്റെ കരടു രൂപം കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതു സംബന്ധിച്ച് പൊതുജനാഭിപ്രായവും കമ്മീഷന്‍ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ബില്ലിനെതിരെ കത്തോലിക്കാ സഭ ഉള്‍പ്പടെയുള്ള കേരളത്തിലെ മുഴുവന്‍ സഭകളും രംഗത്തെത്തിയിട്ടുള്ളത്.
കേരളത്തിലെ കത്തോലിക്കാ സഭയോ സഭാംഗങ്ങളായ വിശ്വാസികളുടെ ഏതെങ്കിലും അംഗീകൃത സംഘടനയോ പ്രസ്ഥാനമോ ഇത്തരമൊരു നിയമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം ഒരു പുതിയ നിയമത്തിന്റെ ആവശ്യകത അവര്‍ക്കാര്‍ക്കും ബോധ്യപ്പെട്ടിട്ടുമില്ല. ക്രൈസ്തവ സഭകളെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ താല്‍പര്യമുള്ളതുകൊണ്ടോ വ്യക്തിപരമായ കാരണങ്ങളാല്‍ സഭയോടും സഭാധികാരികളോടും വിദ്വേഷം വച്ചുപുലര്‍ത്തുന്നതുകൊണ്ടോ മറ്റു നിക്ഷിപ്ത താല്‍പര്യങ്ങളുള്ളവരുടെ പ്രേരണയ്ക്കും സമ്മര്‍ദത്തിനും വഴങ്ങിയോ ക്രൈസ്തവ നാമധാരികളായ ചില വ്യക്തികളും അവരുടെ സൃഷ്ടിയായ ചില നാമമാത്ര സംഘടനകളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ സഭയിലെ അസംതൃപ്തരും ഒറ്റപ്പെട്ടവരുമായ ചിലരുടെ മാത്രം ശബ്ദമാണ്. സഭാ വിശ്വാസികളുടെ പൊതു അഭിപ്രായമല്ല. അത്തരക്കാര്‍ ആവശ്യപ്പെട്ടെന്ന പേരിൽ നിയമപരിഷ്‌കരണ കമ്മീഷന്റെ ഈ നടപടി ആശങ്കാജനകവും അതിനു പിന്നിലെ ഉദ്ദേശ്യശുദ്ധി സംശയാസ്പദവുമാണ്, സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു.
ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ബില്‍ നിയമമായിത്തീര്‍ന്നാല്‍ സഭാ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും സമാധാനപൂര്‍ണവും ക്രമാനുസൃതവുമായ ഭരണം നശിക്കുമെന്നു പറയുന്ന സര്‍ക്കുലര്‍ സഭാ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണം ഭരണാധികാരികളുടെ കൈയില്‍ നിന്നെടുത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും കുറ്റപ്പെടുത്തുന്നു. ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ബില്ലില്‍ നിന്നു ഭരണ പരിഷ്‌കരണ കമ്മീഷന്‍ പിന്മാറണമെന്നു പറയുന്ന സര്‍ക്കുലര്‍ ബില്ലിന്റെ പരിണിത ഫലങ്ങള്‍ അതീവ ഗുരുതമാണെന്നും വിലയിരുത്തുന്നുണ്ട്. മാര്‍ച്ച് മൂന്നിന് കേരളത്തിലെ എല്ലാ പള്ളികളിലും കുര്‍ബാന മധ്യേ വായിക്കാന്‍ നിര്‍ദേശിച്ചാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.