കൊച്ചി: ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയതോടെ ബില്ലിന്റെ കരടു രൂപം നിയമപരിഷ്‌കരണ കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നു സർക്കാർ പിൻവലിച്ചു. ബില്‍ നടപ്പാക്കാന്‍ പാടില്ലെന്നു ചൂണ്ടിക്കാട്ടി കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) പ്രതിനിധികള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ബില്‍ തയാറാക്കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്നും ബില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭാ നേതൃത്വത്തെ അറിയിച്ചതിനു പിന്നാലെയാണ് കരടു ബില്‍ വെബ് സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതെന്നാണ് വിവരം.

ക്രൈസ്തവ സഭകള്‍ ബില്ലിനെതിരെ രംഗത്തെത്തിയതോടെയാണ് ബില്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നാണ് പുറത്തുവരുന്ന വിവരം. ബില്ലിനെതിരെ രണ്ടാഴ്ചയോളമായി വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ സ്വാധീനമുള്ള ക്രൈസ്തവ സമുദായത്തെ ഈ ഘട്ടത്തില്‍ പിണക്കുന്നത് ദോഷം ചെയ്യുമെന്ന തിരിച്ചറിവും ബില്‍ പിന്‍വലിച്ചതിനു പിന്നിലുണ്ടെന്നാണ് സൂചന.

Read: സഭാ സ്വത്തുക്കള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള നീക്കം; ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്ലിനെതിരെ കെസിബിസി

അതേസമയം, ബില്‍ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടയം നിയമപരിഷ്‌കരണ കമ്മീഷന്റെ ഓഫീസിലേക്ക് ഇന്നു കാല്‍നട ജാഥ നടത്തും. യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കും. ക്രൈസ്തവ സഭകളില്‍ നിന്ന് ചര്‍ച്ച് ആക്ട് ബില്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു രംഗത്തെത്തിയ ഏക ബിഷപ്പാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

കേരളത്തിലെ ക്രൈസ്തവ സഭകളിലെയും പള്ളികളിലെയും ദൈനംദിന ഭരണ കാര്യങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മീഷന്‍ തയാറാക്കിയ ബില്ലിന്റെ കരടു രൂപം കഴിഞ്ഞമാസം പതിനഞ്ചോടെയാണ് കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. സഭാ സ്വത്തില്‍ തര്‍ക്കമുണ്ടായാല്‍ പരിഹാരത്തിന് ട്രൈബ്യൂണലിനു വിടാന്‍ നിര്‍ദേശിക്കുന്ന ബിൽ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പെതുജനങ്ങള്‍ക്ക് അവസരവും നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് ഏഴിനു യോഗം കൂടാനും കമ്മീഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബില്ലിനെതിരെ സമരം ശക്തമായതോടെ യോഗം മാറ്റിവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.