കൊച്ചി: ഭൂമി വിവാദം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാവാത്ത എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട കെസിബിസിയും വിഷയത്തില്‍ നിന്നു പിന്‍വാങ്ങുന്നു. ഭൂമി വിവാദം എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും തമ്മിലുള്ള തര്‍ക്കമായി തെരുവിലേക്കു വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ഏതാനും മാസം കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) വിഷയത്തിൽ ഇടപെട്ടത്.

കെ സി ബി സിയുടെ ഔദ്യോഗിക വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിന്റെ നേതൃത്വത്തില്‍ മലങ്കര സഭാധ്യക്ഷനും കര്‍ദിനാളുമായ മാര്‍ ബസേലിയോസ് ക്ലീമിസ്, കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ചു ബിഷപ്പുമായ സൂസൈപാക്യം എന്നിവര്‍ വിഷയത്തില്‍ ഇടപെടുകയും കര്‍ദിനാളുമായി ചര്‍ച്ച നടത്തുകയും ചെയ്തത്. തുടര്‍ന്നു ഭൂമി വിവാദത്തില്‍ തനിക്കു വീഴ്ചപറ്റിയെന്നു വൈദികരോടു തുറന്നു പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തി പ്രശ്‌നം പരിഹരിക്കണമെന്നു സീറോ മലബാര്‍ സഭാ സിനഡിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിശുദ്ധ വാര ചടങ്ങുകളില്‍ പങ്കെടുത്ത കര്‍ദിനാള്‍ ഭൂമി വിവാദം പൂര്‍ണമായി പരിഹരിച്ചെന്ന് ഏകപക്ഷീയമായി നടത്തിയ പ്രസ്താവന കെസിബിസിയുടെ ഇടപെലിനെ പൂര്‍ണമായും അട്ടിമറിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഇനി കെസിബിസി ഇടപെടലിന് പ്രസക്തിയില്ലെന്നും വൈദികര്‍ വ്യക്തമാക്കുന്നു.

‘കെസിബിസി ഇടപെടലിന് ശേഷം സീറോ മലബാര്‍ സിനഡിനോടു നിര്‍ദേശിച്ചത് കൂടുതല്‍ ചര്‍ച്ചകളും ഇടപെടലുകളും നടത്തി പ്രശ്‌നം പരിഹരിക്കനാണ്. എന്നാല്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചുവെന്ന തരത്തിലുള്ള കര്‍ദിനാളിന്റെ പ്രസ്താവന വിഷയത്തിന്റെ നിലനില്‍പ്പു തന്നെ ഇല്ലാതാക്കി. നിലവില്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന ചിന്തയിലാണിപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കുള്ളത്. അതുകൊണ്ടു തന്നെ ഇനി കെസിബിസി ഇടപെടലിനു പ്രസക്തിയില്ലെന്ന് പറയേണ്ടി വരും. പ്രശ്‌നം പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയ സീറോ മലബാര്‍ സിനഡാകട്ടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായ മെത്രാമ്മാരെ ഭീഷണിപ്പെടുത്തുന്ന രീതിയാണ് അവലംബിക്കുന്നത്. ഇനി കെസിബിസിയുടെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച നടത്തിയാല്‍ തന്നെ അതിനോട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ സഹകരിക്കാനും സാധ്യത കുറവാണെന്ന് പറയേണ്ടി വരും’ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഒരു മുതിര്‍ന്ന വൈദികന്‍ പറഞ്ഞു.

ഇതിനിടെ ഭൂമി വിവാദത്തില്‍ കര്‍ദിനാള്‍ സ്ഥാനമൊഴിയണമെന്നാ വശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയും വൈദിക സമിതി സെക്രട്ടറിയായ ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്റെ നേതൃത്വത്തില്‍ കത്ത് നല്‍കിയിരുന്നു. ഇതിനും ഒരാഴ്ച മുമ്പാണ് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുത്താല്‍ കര്‍ദിനാളിനെ ബഹിഷ്‌കരിക്കാന്‍ ഒരു വിഭാഗം വൈദികര്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണമെന്നും വൈദിക സമിതി ആവശ്യമുന്നയിച്ചിരുന്നു.  എറണാകുളം-അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ കോട്ടപ്പടിയിലുള്ള ഭൂമി കടലാസ് കമ്പനികള്‍ക്കു വില്‍ക്കാന്‍ അതിരൂപതയിലെ വൈദിക സമിതിക്കുമേല്‍ നേതൃത്വം ഭീഷണി മുഴക്കുകയാണെന്നും ചൂണ്ടിക്കാട്ടി വൈദിക സമിതി രംഗത്തെത്തിയിരുന്നു. കെസിബിസി ഇടപെടല്‍ കൂടി നിലയ്ക്കുന്നതോടെ വരും നാളുകളില്‍ ഭൂമി വിവാദം എറണാകുളം-അങ്കമാലി അതിരൂപതയില്‍ വീണ്ടും പുകഞ്ഞു കത്തിയേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.